എറണാകുളം : വനിത പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യാൻ മകളുമായെത്തി വൈറലായി പൂങ്കുഴലി ഐപിഎസ്. തൃശൂർ പൊലീസ് അക്കാദമിയിൽ 2004-ൽ പരിശീലനം പൂർത്തിയാക്കിയ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ ഇരുപതാം വാർഷിക സംഗമം 'അഴകോടെ ഇരുപത് 24' പരിപാടിയായിരുന്നു വേദി. കോസ്‌റ്റൽ പൊലീസ് എഐജി പൂങ്കുഴലി ഐപിഎസ് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്‌തതും, ഉദ്ഘാടന പ്രസംഗം നിർവഹിച്ചതും മകളെ കയ്യിലേന്തിയായിരുന്നു.
പ്രസംഗത്തിൽ അവർ ഊന്നി പറഞ്ഞതാകട്ടെ, ജോലിയും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്ന വനിത ഉദ്യോഗസ്ഥരുടെ ജീവിതത്തെ കുറിച്ചും. ജോലിയും വീട്ടുകാര്യങ്ങളുമെല്ലാം ഒന്നിച്ചു കൊണ്ടുപോകാൻ കഴിയണമെന്ന് അവർ സഹപ്രവർത്തകരെ ഓർമിപ്പിച്ചു. പ്രസംഗം തുടങ്ങിയപ്പോൾ മകളെ താഴെ ഇറക്കി നിർത്തിയിരുന്നെങ്കിലും, രണ്ടരവയസുകാരി അമിഴ്‌ദിനി തന്നെ എടുക്കാൻ വാശി പിടിക്കുകയായിരുന്നു. ആദ്യമവർ നിശബ്‌ദയാകാൻ കുഞ്ഞിനോട് ആവശ്യപ്പെട്ടുവെങ്കിലും കുഞ്ഞ് വഴങ്ങിയില്ല. അമ്മേയെന്ന് വിളിച്ച് അമിഴ്‌ദിനി കരഞ്ഞതോടെ അവളെ എടുത്ത് പൂങ്കുഴലി പ്രസംഗം തുടരുകയായിരുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്ന ദിവസം ഞായറാഴ്‌ച മാത്രമാണ്. ക്ഷണം ഒഴിവാക്കാനാകാത്തതിനാലാണ് മകളുമായി വന്നതെന്നും അവർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക