അഗ്രോ ഡ്രഡ്‌ജ് ഗ്രാഫ്റ്റ് യന്ത്രം വെള്ളത്തിൽ മുങ്ങി (ETV Bharat) കോഴിക്കോട് : വയലുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ എത്തിച്ച യന്ത്രം വെള്ളത്തിൽ മുങ്ങി. എട്ടുമാസം മുൻപ് മാവൂരിലെ വയലുകളെ കാർഷികയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ വെള്ളക്കെട്ട് ഒഴിവാക്കാൻ എത്തിച്ചതായിരുന്നു അഗ്രോ ഡ്രഡ്‌ജ് ഗ്രാഫ്റ്റ് എന്ന യന്ത്രം. വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ മാത്രം ഈ യന്ത്രം പ്രവർത്തിപ്പിച്ചു.
എന്നാൽ കൃഷിയിടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാൻ ഈ യന്ത്രത്തിന്‍റെ പ്രവർത്തനം കൊണ്ട് സാധിച്ചിരുന്നില്ല. അതിനുശേഷം മാവൂർ പൈപ്പ് ലൈൻ റോഡരികിലെ പുത്തൻകുളത്ത് വെള്ളക്കെട്ടിൽവെയിലേറ്റ് കിടക്കുകയായിരുന്നു ഇതുവരെ ഈ യന്ത്രം. മഴ ശക്തമായതോടെ വെള്ളക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും യന്ത്രം മുങ്ങി പോവുകയും ചെയ്‌തു.
യന്ത്രം മുങ്ങിയതോടെ ഇതിനുള്ളിലുള്ള ഓയിലും ഡീസലും ഈ ഭാഗത്തെ നീർത്തടങ്ങളിലാകെ പരന്ന് ഒഴുകുകയാണ്. ഇത് ജലാശയങ്ങളിൽ എത്തുന്നദേശാടന പക്ഷികൾക്കും ഇവിടെയുള്ള മത്സ്യ സമ്പത്തിനും വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. കൂടാതെ ലക്ഷക്കണക്കിന് രൂപ വില വരുന്നയന്ത്രം വെള്ളത്തിൽ മുങ്ങിയതോടെ കാർഷിക വകുപ്പിനും വലിയ നഷ്‌ടമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം പേരാമ്പ്രയിൽ നിന്നും എത്തിച്ച യന്ത്രം മറ്റൊരു പ്രവർത്തി ലഭിക്കുന്നതിന്‍റെ കാലതാമസം കൊണ്ടാണ് മാവൂരിലെ വെള്ളക്കെട്ടിൽ സൂക്ഷിച്ചതെന്നാണ് കാർഷിക വകുപ്പിൽ നിന്നും ലഭിക്കുന്ന മറുപടി. ഏതായാലും ഇത്തരത്തിൽ ഒരു കാർഷിക യന്ത്രം ആരും തിരിഞ്ഞു നോക്കാതെ ഇങ്ങനെ നശിപ്പിക്കുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്.
Also Read : കാസര്‍കോട് തോരാമഴ: നീലേശ്വരത്ത് പുലിമുട്ടിലിടിച്ച മത്സ്യബന്ധന ബോട്ട് തകര്‍ന്നു - Fishing Boat Wrecked