കണ്ണൂർ:കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. നെല്ലിയോടിയിലെ എംടി കിഷോറിന്‍റെ റോയൽ പിക് ഫാമിലെ പന്നികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ മൃഗസംരക്ഷണ ഓഫിസറുടെ പരിശോധനയിലാണ് അസുഖം തിരിച്ചറിഞ്ഞത്.
പന്നിപ്പനി സ്ഥിരീകരിച്ചതോടെ കിഷോറിന്‍റെ ഫാമിലെയും മേഖലയിലെ മറ്റ് രണ്ട് ഫാമുകളിലെയും മുഴുവന്‍ പന്നികളെയും എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് ഉടൻ കൊന്നുകളയാൻ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്‌ടര്‍ ഉത്തരവിട്ടു. ഫാമില്‍ സൂക്ഷിച്ചിട്ടുള്ള തീറ്റ നശിപ്പിക്കാനും മാനദണ്ഡ പ്രകാരം പന്നികളെ സംസ്‌കരിക്കാനും കലക്‌ടര്‍ നിര്‍ദേശം നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മേഖലയില്‍ കര്‍ശന നിയന്ത്രങ്ങള്‍:
- രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമാക്കി.
- പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു.
- ഈ പ്രദേശങ്ങളിൽ പന്നി മാംസം വിതരണം ചെയ്യുന്നതിന് നിയന്ത്രണം.
- പന്നിയിറച്ചി വില്‍പന കേന്ദ്രങ്ങളുടെ പ്രവർത്തനം നിരീക്ഷണത്തിൽ.
- പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍ നിന്നും ഇവിടേക്ക് കൊണ്ടുവരുന്നതും മൂന്ന് മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി.
- രോഗം സ്ഥിരീകരിച്ച ഫാമുകളിൽ നിന്ന് മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്നും പരിശോധിക്കും.
- സംഭവത്തില്‍ അടിയന്തര റിപ്പോർട്ട് നൽകാനും മൃഗസംരക്ഷണ ഓഫിസർ നിർദേശം നൽകി.
- മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നിമാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർടിഒയുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തും. രോഗവിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമെ ജില്ലയിലേക്ക് പ്രവേശിപ്പിക്കാവൂ എന്നുള്ളത് ഉറപ്പുവരുത്തണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു.
Also Read:തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; കള്ളിങ് നടത്താന്‍ ഉത്തരവിട്ട് ജില്ല കലക്‌ടര്‍