കേരളം

kerala

ETV Bharat / state

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; കള്ളിങ് നടത്താന്‍ ഉത്തരവിട്ട് ജില്ല കലക്‌ടര്‍ - AFRICAN SWINE FEVER IN THRISSUR

തൃശൂര്‍ ജില്ലയിലെ കട്ടിലപൂവ്വം, മാടക്കത്തറ എന്നിവിടങ്ങളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പന്നികളെ കള്ളിങ് ചെയ്യുന്ന ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

By ETV Bharat Kerala Team

Published : Jul 5, 2024, 12:03 PM IST

AFRICAN SWINE FEVER  തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി  ആഫ്രിക്കൻ പന്നിപ്പനി  CULLING OF PIGS IN THRISSUR
Representative Image (ETV Bharat)

ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചതിനാൽ പന്നികളെ കൊന്നൊടുക്കാൻ ജില്ലാ കലക്‌ടർ ഉത്തരവിട്ടു (ETV Bharat)

തൃശൂർ: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നികളെ കള്ളിങ്ങിന് വിധേയമാക്കാൻ ഉത്തരവിട്ട് ജില്ല കലക്‌ടർ. പന്നിപ്പനി സ്ഥിരീകരിച്ച കട്ടിലപൂവ്വം, മാടക്കത്തറ എന്നിവിടങ്ങളിലാണ് പന്നികളെ കള്ളിങ് ചെയ്‌ത് മറവു ചെയ്യാൻ ജില്ല മൃഗസംരക്ഷണ ഓഫീസറോട് ജില്ല കലക്‌ടർ നിർദേശം നൽകിയത്.

ഇന്ന് രാവിലെ മുതൽ ഡോക്‌ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്‌ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന രണ്ട് ആർആർടി സംഘം കള്ളിങ് പ്രക്രിയ ആരംഭിച്ചു. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. കള്ളിങ് നടത്തിയ ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ല കോഡിനേറ്റർ ഡോ. ജി ദിനേശ് പറഞ്ഞു.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കാനും നിർദേശം കലക്‌ടർ നൽകിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച പന്നിഫാമിൽ നിന്നും മറ്റു ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടുമാസത്തിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. തൃശൂരിലേക്കോ ജില്ലയിൽ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തുന്നുണ്ട്.

രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവർ ഉൾപ്പെട്ട റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാർക്കും ചുമതല നൽകി.

മാടക്കത്തറ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചതിനാൽ ജില്ലയിലെ മറ്റു പ്രദേശങ്ങളിലും മുൻകരുതലുകൾ സ്വീകരിക്കും. മറ്റു ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി- ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ റൂറൽ ഡയറി ഡെവലപ്മെൻ്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ അറിയിക്കേണ്ടതും തുടർന്ന് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതുമാണ്.

തൃശൂർ കോർപ്പറേഷൻ, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി, തെക്കുംകര, പാണഞ്ചേരി, പുത്തൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന മറ്റു തദ്ദേശസ്ഥാപനങ്ങൾ. ആഫ്രിക്കൻ പന്നിപ്പനി എച്ച്‌വൺഎൻവൺ പനിയുടെ പ്രതിരോധത്തിൽ നിന്നും വ്യത്യസ്‌തമാണ്. പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ആഫ്രിക്കൻ പന്നിപ്പനി മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു.

Also Read:ആലപ്പുഴയിലെ കാക്കകളിൽ പക്ഷിപ്പനി; കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം

ABOUT THE AUTHOR

...view details