ബെംഗളൂരു: കർണാടകയിലെ ജില്ല കോടതികളിലെയും വിചാരണ കോടതികളിലെയും അഭിഭാഷകര്‍ക്ക് കറുത്ത കോട്ട് ധരിക്കേണ്ടതില്ല. വേനല്‍ ചൂട് കണക്കിലെടുത്താണ് നടപടി. ഏപ്രിൽ 18 മുതൽ മെയ് 31 വരെ കർണാടകയിലെ കോടതികള്‍ക്ക് ഇളവ് നല്‍കി കൊണ്ട് ഹൈക്കോടതി സർക്കുലർ പുറപ്പെടുവിച്ചു.
ബെംഗളൂരു അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഏപ്രിൽ 5 ന് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കറുത്ത വസ്‌ത്രത്തിന് പകരം വെള്ള ഷർട്ട് അല്ലെങ്കിൽ വെള്ള സൽവാർ, സാരി, പ്ലെയിൻ വൈറ്റ് നെക്ക് ബാൻഡ് ധരിച്ച് അഭിഭാഷകർക്ക് നടപടികളിൽ പങ്കെടുക്കാം. ചൊവ്വാഴ്‌ച (ഏപ്രില്‍ 16) പുറത്തിറക്കിയ സർക്കുലറിലാണ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെഎസ് ഭരത് കുമാർ ഇക്കാര്യം അറിയിച്ചത്.
കേരളത്തിലും ഇളവ് :കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് കേരളാ ഹൈക്കോടതി പ്രമേയം പാസാക്കിയിരുന്നു. ജില്ല കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാമെന്നും കറുത്ത കോട്ടും ഗൗണും നിർബന്ധമില്ലെന്നും ആയിരുന്നു പ്രമേയം. ഇതും മെയ് 31 വരെയാണ്.
ഫുൾ കോർട്ട് ചേർന്ന് പാസാക്കിയ പ്രമേയത്തിൽ ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്ന് പറയുന്നു. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വേനൽക്കാലത്ത് കറുത്ത ഗൗൺ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസാക്കിയത്.
ALSO READ:വേനൽക്കാലത്ത് സ്‌റ്റേഷനുകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കും; ശ്രമങ്ങൾ ശക്തമാക്കിയെന്ന് റെയിൽവേ