എറണാകുളം :നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധനയിൽ വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്‌ജി പിന്മാറി. ജസ്‌റ്റിസ് എ ബദറുദ്ദീൻ ആണ് ഹർജിയിൽ നിന്ന് പിൻമാറിയത്. ഹർജി ജസ്‌റ്റിസ് പിജി അജിത് കുമാർ പിന്നീട് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അതിജീവിതയുടെ പരാതിയിന്മേൽ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി അന്വേഷണം നടത്തി റlപ്പോർട്ട് നൽകിയത്. എന്നാൽ ഈ റിപ്പോർട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്ന തരത്തിലാണെന്നും മെമ്മറി കാർഡ് പരിശോധിച്ച ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ കസ്‌റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. കൂടാതെ തന്‍റെ ഭാഗം കൂടി കേൾക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടതായും ഹർജിക്കാരി പറയുന്നു.