ന്യൂഡല്‍ഹി :നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയ്‌ക്ക് ജാമ്യം. വിചാരണ നീണ്ടുപോകുന്നതിനാലാണ് സുപ്രീം കോടതി സുനിയ്‌ക്ക് ജാമ്യം നല്‍കിയത്. ഒരാഴ്‌ചയ്‌ക്കുള്ളില്‍ വിതാരണ കോടതി ജാമ്യം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
കർശന ഉപാധികളോടെയാണ് സുനിക്ക് ജാമ്യം. ഒരാള്‍ ജാമ്യത്തിനായി എത്രതവണ കോടതി കയറണമെന്നും കോടതി ആരാഞ്ഞു. സാക്ഷിയെ ഇത്രയും നാള്‍ ക്രോസ് വിസ്‌താരം ചെയ്‌തതിലും കോടതി ചോദ്യം ഉന്നയിച്ചു.
ജയിലിലായി ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങുന്നത്. സുനിയുടെ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാർ കടുത്ത അസംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് വിധി പറയുന്ന ഘട്ടത്തിലാണ്. പൾസർ സുനിക്ക് ജാമ്യം അനുവദിക്കുകയാണെങ്കിൽ തുടർ വിചാരണ അടക്കമുള്ള പല കാര്യങ്ങളിലും കാലതാമസം ഉണ്ടാകാം.
കേസിലെ സാക്ഷിവിസ്‌താരം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പ്രതിഭാഗത്തുനിന്നുള്ള സാക്ഷിവിസ്‌താരം ഇനി നടക്കേണ്ടതായി ഉള്ളതിനാലാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള അസംതൃപ്‌തി. ജാമ്യ വ്യവസ്ഥയുടെ നടപടിക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല.
കേസിലെ പ്രതികളാക്കപ്പെട്ടവർക്ക് നിയമത്തിന്‍റെ വഴിയിൽ നിന്ന് ലഭിച്ച നീതി തനിക്ക് ലഭിക്കുന്നില്ല. ആറര വർഷത്തിലധികമായി വിചാരണ തടവുകാരനായി തുടരുന്നു തുടങ്ങിയ വസ്‌തുതകളാണ് സുപ്രീം കോടതിക്കു മുന്നിൽ പൾസർ സുനിയുടെ അഭിഭാഷകൻ ഉന്നയിച്ചത്. കേസിലെ മുഖ്യ സൂത്രധാരൻ ജാമ്യ വ്യവസ്ഥയിൽ പുറത്തു കഴിയുന്നു. തനിക്ക് നീതി ലഭിക്കുന്നില്ല തുടങ്ങിയ വസ്‌തുതകളും അഭിഭാഷകൻ സുപ്രീം കോടതിയെ ധരിപ്പിച്ചു. മാത്രമല്ല പൾസർ സുനിയുടെ ആരോഗ്യ പ്രശ്‌നങ്ങളും ജാമ്യത്തിന്‍റെ ഘടകം ആയിട്ടുണ്ട്.
Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാർ സുപ്രീംകോടതിയിൽ