കേരളം

kerala

ETV Bharat / state

'ഞെട്ടിക്കുന്ന അനീതി'; നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് അതിജീവിത - SURVIVOR ON ACTRESS ASSAULT CASE - SURVIVOR ON ACTRESS ASSAULT CASE

കോടതിയിൽ സ്വകാര്യത സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഭയപ്പെടുത്തുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിൽ അതിജീവിത.

ILLEGAL EXAMINATION OF MEMORY CARD  ACTRESS ASSAULT CASE LATEST NEWS  ACTRESS ASSAULT CASE UPDATE  നടിയെ ആക്രമിച്ച കേസ്
SURVIVOR ON ACTRESS ASSAULT CASE

By ETV Bharat Kerala Team

Published : Apr 13, 2024, 1:25 PM IST

Updated : Apr 13, 2024, 3:22 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അതിജീവിത.താനെന്ന വ്യക്തിക്ക് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വകാര്യത എന്ന മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും ഇത് കടുത്ത, ഞെട്ടിക്കുന്ന അനീതിയാണെന്നും സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ അതിജീവിത പ്രതികരിച്ചു.

സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ നീതിക്കായുള്ള തന്‍റെ പോരാട്ടം തുടരുമെന്നും അതിജീവിത കുറിച്ചു. സത്യമേവ ജയതേ എന്ന് കുറിച്ചുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്.

survivor reaction on memory card issue

അതിജീവിതയുടെ കുറിപ്പിന്‍റെ പൂർണരൂപം:"ഇത് അനീതിയും ഞെട്ടിക്കുന്നതും! എന്‍റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണ കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി. അത് അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു!

പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഈ കോടതിയില്‍ എന്‍റെ സ്വകാര്യത നിലവില്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നതാണ്.

ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്. എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ, നീതിക്കായുള്ള എന്‍റെ പോരാട്ടം ഇനിയും തുടരും. ഓരോ ഇന്ത്യന്‍ പൗരന്‍റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്‍റെ യാത്ര തുടരുകതന്നെ ചെയ്യും. സത്യമേവ ജയതേ".

അതേസമയം, നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു ജില്ല ജഡ്‌ജിയുടെ അന്വേഷണ റിപ്പോർട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ല കോടതിയിലെ ബെഞ്ച് ക്ലർക്ക് മഹേഷ്, വിചാരണ കോടതി ശിരസ്‌തദാർ താജുദ്ദീൻ എന്നിവർക്കെതിരെയാണ് കണ്ടെത്തൽ. 2018 ജനുവരി ഒന്‍പതിന് രാത്രിയിൽ ലീന റഷീദ്, 2018 ഡിസംബർ 13-ന് മഹേഷ്, 2021 ജൂലൈ 19-ന് താജുദീൻ എന്നിവർ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ച ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും കുറ്റാരോപിതരെ സംരക്ഷിക്കുന്നതാണ് ഹണി എം വർഗീസിന്‍റെ റിപ്പോർട്ടെന്നും ചൂണ്ടിക്കാട്ടി അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ALSO READ:നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് 3 തവണ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് കണ്ടെത്തല്‍; അതിജീവിത ഹൈക്കോടതിയിലേക്ക്

Last Updated : Apr 13, 2024, 3:22 PM IST

ABOUT THE AUTHOR

...view details