കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജിയുടെ അന്വേഷണ റിപ്പോർട്ട്. 2018 ജനുവരി ഒന്‍പതിന് രാത്രിയിൽ അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, 2018 ഡിസംബർ 13-ന് ജില്ല കോടതിയിലെ ബെഞ്ച് ക്ലർക്ക് മഹേഷ്, 2021 ജൂലൈ 19-ന് വിചാരണ കോടതി ശിരസ്‌താദർ താജുദീൻ എന്നിവരാണ് നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചത്.
അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചതെന്നും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗ്ഗീസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ ജഡ്‌ജിയുടെ നിർദേശ പ്രകാരമാണ് രണ്ടാമത് മെമ്മറി കാർഡ് പരിശോധിച്ചതെന്നാണ് ജില്ലാ കോടതിയിലെ ബഞ്ച് ക്ലർക്ക് മഹേഷിന്‍റെ മൊഴി.
വിചാരണ കോടതി ശിരസ്‌തദാർ താജുദീനാണ് മെമ്മറി കാർഡ് അവസാനമായി വിവോ ഫോണിലിട്ട് പരിശോധിച്ചത്. എന്നാല്‍ ഇ വിവോ ഫോൺ 2022-ൽ ഒരു യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടുവെന്നാണ് താജുദീന്‍റെ മൊഴി. അതേസമയം അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ച ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും കുറ്റാരോപിതരെ സംരക്ഷിക്കുന്നതാണ് ഹണി എം വർഗ്ഗീസിന്‍റെ റിപ്പോർട്ടെന്നും ചൂണ്ടിക്കാട്ടി അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.