പത്തനംതിട്ട: അറസ്‌റ്റ് ചെയ്‌ത് കൊണ്ടുവരുംവഴി പൊലീസ് കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ബലാത്സംഗക്കേസിലെ പ്രതിയെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ സൈബർ പൊലീസ് പിടികൂടി. പത്തനംതിട്ട സൈബർ പൊലീസ് കഴിഞ്ഞവർഷം രജിസ്‌റ്റർ ചെയ്‌ത പോക്‌സോ കേസിലെ പ്രതിയായ റാന്നി വടശ്ശേരിക്കര പേഴുമ്പാറ ഉമ്മാമുക്ക് നെടിയകാലായിൽ വീട്ടിൽ സച്ചിൻ രവി (27) യാണ് അറസ്‌റ്റിലായത്.
തമിഴ്‌നാട് കാവേരിപട്ടണത്തിൽ വച്ച് പൊലീസ് കസ്‌റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ ജില്ലാ പൊലീസ് മേധാവി വി അജിതിന്‍റെ നിർദേശത്തെ തുടർന്ന് വ്യാപകമാക്കിയ അന്വേഷണത്തിൽ ബെംഗളൂരിൽ നിന്നാണ് പിടികൂടിയത്. ഒളിവിൽ കഴിയുന്നതറിഞ്ഞ് ബെംഗളൂരിലെത്തിയ സൈബർ പൊലീസ് സംഘം അവിടുത്തെ പൊലീസിന്‍റെ സഹായത്തോടെ ഇന്നലെ ഉച്ചക്ക് സച്ചിനെ കസ്‌റ്റഡിയിലെടുത്ത് പത്തനംതിട്ടയിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് ഇവിടെ അറസ്‌റ്റ് രേഖപ്പെടുത്തി. കേസ് രജിസ്‌റ്റർ ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ലാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്‌ദാനം നൽകി വശീകരിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് സച്ചിൻ ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ഫോണിൽ ചിത്രമെടുത്തു സൂക്ഷിക്കുകയും, പിന്നീട് വിവാഹം കഴിക്കില്ല എന്ന് ഫോണിൽ വിളിച്ച് ഭീഷണപ്പെടുത്തി നഗ്ന ഫോട്ടോ പ്രതി ഫോണിലൂടെ അയക്കുകയും ചെയ്‌തു.
വീണ്ടും ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയപ്പോൾ സമ്മതിക്കാത്തതിനെ തുടർന്ന് പ്രതി കുട്ടിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുണ്ടാക്കി. പിന്നീട് ഈ അക്കൗണ്ടിൽ കുട്ടിയുടെ സുഹൃത്തുക്കളേയും സമീപവാസികളേയും ബന്ധുക്കളേയും ഫ്രണ്ട് ലിസ്‌റ്റിൽ ഇയാൾ ഉൾപ്പെടുത്തി. ഇവരുമായി പെൺകുട്ടി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ചാറ്റ് ചെയ്‌ത് കുട്ടിയുടെ നഗ്നഫോട്ടോകളും ദൃശ്യങ്ങളും അയച്ചുകൊടുക്കുകയും സ്‌റ്റാറ്റസ് ഇടുകയും ചെയ്‌തു.