കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 128 വർഷം കഠിനതടവും പിഴ ശിക്ഷയും വിധിച്ചു. കല്ലായി അറക്കത്തോടുക്ക വീട്ടിലെ ഇല്യാസ് അഹമ്മദിനെയാണ് (35) അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്‌ജി രാജീവ് ജയരാജാണ് ശിക്ഷ വിധിച്ചത്. 2020 ജൂൺ മുതൽ 2021 ജൂൺ വരെയുള്ള കാലത്താണ് പീഡനം നടന്നത് (Accused in POCSO case jailed for 128 years).
പൊലീസ് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെയുള്ള ഓരോ കുറ്റകൃത്യവും തെളിയിക്കാനായി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി പരമാവധി വർഷം തടവ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ 6.60 ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുകൊല്ലവും ഏഴുമാസവും കൂടി തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.