എറണാകുളം : പെരുമ്പാവൂരിൽ ടിപ്പർ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരായ അച്‌ഛനും മകൾക്കും ദാരുണാന്ത്യം. താന്നിപ്പുഴയില്‍ വച്ചാണ് കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരെ ടിപ്പർ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനം ടിപ്പറിന് അടിയിലേക്ക് പോവുകയായിരുന്നു. തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയും അച്‌ഛനും മകളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയും ചെയ്‌തു.
രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്ന ടിപ്പർ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
മകളെ കോളജില്‍ ഇറക്കാനായി എല്‍ദോസ് ബ്ലെസിക്കൊപ്പം അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിനിയാണ് ബ്ലെസി. ടിപ്പര്‍ ഡ്രൈവറെ പെരുമ്പാവൂർ പൊലീസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസവും പെരുമ്പാവൂർ എംസി റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടിരുന്നു. മലയാറ്റൂർ സ്വദേശി സദനായിരുന്നു മരിച്ചത്. അപകടത്തിൽപ്പെട്ട കാറിലെ യാത്രക്കാരനാണ് മരിച്ച സദൻ. അപകടത്തിൽപ്പെട്ട ഒട്ടോ ഡ്രൈവർ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്‌ച (02-03-2024) രാവിലെ ആറുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
മൂവാറ്റു പുഴ ഭാഗത്ത് നിന്നും എയർപോർട്ടിലേക്ക് പോവുകയായിരുന്നു ഇന്നോവ, നിയന്ത്രണം വിട്ടാണ് പുല്ലുവഴി വില്ലേജ് ജങ്‌ഷനിൽ വച്ച് കാറിലും ഓട്ടോയിലും ഇടിച്ചത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമായിരുന്നു. ഇതിൽ ഒരാളാണ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ നാലു പേരെയാണ് പെരുമ്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽപ്പെട്ട മൂന്ന് വാഹനങ്ങളും തകർന്നിരുന്നു.
ALSO READ : പത്തനംതിട്ട അപകടം: ലോറി ഡ്രൈവറെ കേസില്‍ നിന്ന് ഒഴിവാക്കി; കാര്‍ മനഃപൂര്‍വം ലോറിയിലേക്ക് ഇടിച്ചുകയറ്റിയെന്ന് എംവിഡി റിപ്പോർട്ട്