കോഴിക്കോട്:വധശിക്ഷ കാത്ത് സൗദി ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന് വേണ്ടി മലയാളികൾ ഒറ്റക്കെട്ടായി നിന്നു, മോചനത്തിനായുള്ള ദയാധനം സമാഹരിച്ചു. ആ 34 കോടി (ഒന്നരക്കോടി സൗദി റിയാൽ) എങ്ങനെ സൗദി കുടുംബത്തിന് എത്തിക്കും? നിയമ നടപടി ക്രമങ്ങൾ എന്തൊക്കെ? ഏതൊക്കെ കടമ്പകൾ കടക്കണം അബ്‌ദുൽ റഹീമിന്‍റെ മോചനത്തിനായി?
ഇതിന് ആദ്യം വേണ്ടത് ഇന്ത്യൻ എംബസിയുടെ സഹായമാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി സൗദി കുടുംബത്തിന്‍റെ വക്കീലുമായുള്ള കൂടിക്കാഴ്‌ചക്ക് അനുമതി തേടിക്കഴിഞ്ഞു. ഇത് സാധ്യമായാൽ മോചന കരാർ പ്രകാരമുള്ള തുക സമാഹരിച്ചെന്നും എത്രയും വേഗം വധശിക്ഷ റദ്ദ് ചെയ്യാനുള്ള കുടുംബത്തിന്‍റെ സമ്മതം കോടതിയിൽ അറിയിക്കണമെന്നും ആവശ്യപ്പെടും.
ഇന്ത്യൻ എംബസി ഇക്കാര്യം വിശദീകരിച്ച് അറ്റോർണിക്ക് കത്ത് കൈമാറുകയും ചെയ്യും. ദയാധനം വാങ്ങി റഹീമിന് മാപ്പ് നൽകിയെന്ന കുടുംബത്തിന്‍റെ സമ്മതം അറ്റോർണി കോടതിയിൽ അറിയിക്കുന്നതോടെ കോടതി വധ ശിക്ഷ റദ്ദ് ചെയ്‌ത് ഉത്തരവ് പുറപ്പെടുവിക്കും. തുടർന്ന് വിചാരണ കോടതിയുടെ ഉത്തരവ് പരമോന്നത കോടതിയിലേക്ക് അയക്കുകയും അത് ശരിവയ്‌ക്കുകയും വേണം. അതോടെ ആദ്യ കടമ്പ പൂർത്തിയാകും.
തുടർന്ന് ഒന്നരക്കോടി സൗദി റിയാലിന്‍റെ ചെക്ക് എൻഫോഴ്‌സ്‌മെന്‍റ് കോടതിയിൽ സമർപ്പിക്കും. അതോടൊപ്പം ജയിൽ മോചനത്തിനുള്ള രേഖകളും നീക്കും. കോടതി ആവശ്യപ്പടുന്ന രേഖകൾ നൽകി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ ജയിൽ മോചനവും സാധ്യമാകും.