കേരളം

kerala

ETV Bharat / state

'സച്ചിന്‍ ദേവ് ബസില്‍ കയറിയത് ടിക്കറ്റ് എടുക്കാന്‍': എംഎല്‍എ യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും എ എ റഹിം - Arya Rajendran KSRTC driver issue - ARYA RAJENDRAN KSRTC DRIVER ISSUE

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പ്രതികരണവുമായി എ എ റഹിം. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കിവിട്ടു എന്നത് നുണയെന്നും അദ്ദേഹം

ARYA RAJENDRAN KSRTC DRIVER ISSUE  ARYA RAJENDRAN KSRTC ISSUE  AA RAHIM  ആര്യ രാജേന്ദ്രന്‍ വിവാദം
AA Rahim supports Arya Rajendran

By ETV Bharat Kerala Team

Published : May 2, 2024, 1:45 PM IST

തിരുവനന്തപുരം:മേയർ - കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിനിടെ സച്ചിൻ ദേവ് എംഎൽഎ ബസിനുള്ളിൽ കയറിയിട്ടില്ലെന്ന മേയറുടെ വാദം പൊളിയുന്നു. ആര്യ രാജേന്ദ്രന്‍റെ ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് ബസിൽ കയറിയെന്ന് എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയുമായ എ എ റഹിം വാർത്ത സമ്മേളനത്തിൽ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് എ എ റഹിം ഇക്കാര്യം സ്ഥിരീകരിച്ചത്. തർക്കത്തിനിടെ സച്ചിൻ ബസിനുള്ളിൽ കയറിയെന്നും യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ചു എന്നുമാണ് ഡ്രൈവർ യദു ഉന്നയിച്ച ആരോപണം. എന്നാൽ ഈ ആരോപണം ആര്യ തള്ളിയിരുന്നു.

സച്ചിൻ ദേവ് യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം ശുദ്ധ നുണയാണെന്നും, സച്ചിൻ പറഞ്ഞത് തനിക്കുകൂടി ഒരു ടിക്കറ്റ് നൽകി ഡിപ്പോയിലേക്ക് പോകണമെന്നാണെന്നും എ എ റഹിം പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവർ യദു സ്ഥിരം പ്രശ്‌നക്കാരനാണ്. മാധ്യമങ്ങൾ മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കുകയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ആൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണെന്നും റഹിം കുറ്റപ്പെടുത്തി.

ബസ് കണ്ടക്‌ടർ തന്‍റെ നാട്ടുകാരനായതിനാലാണ് സംഭവം നടന്നപ്പോള്‍ തന്നെ വിളിച്ചറിയിച്ചത്. അതിന് ശേഷം സച്ചിനും ആര്യയുമായി സംസാരിച്ചു. ഡ്രൈവർ മാപ്പ് പറയാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. വിഷയത്തില്‍ താൻ പൊലീസ് ഉദ്യോഗസ്ഥരുമായി അന്ന് സംസാരിച്ചിട്ടില്ലെന്നും കണ്ടക്‌ടര്‍ പറഞ്ഞ മൊഴി എന്താണെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് തരം താണ രീതിയിലും ഇടത് പക്ഷത്തുള്ള സ്‌ത്രീകളെ തകർത്ത് കളയാമെന്ന ചിന്ത വേണ്ട. വിഷയം രാഷ്‌ട്രീയമായി നേരിടും. മാധ്യമങ്ങൾ വാർത്ത വളച്ചൊടിക്കുകയാണെന്നും റഹിം കുറ്റപ്പെടുത്തി.

ഒരു സ്ത്രീ തന്നോട് അശ്ലീലം കാണിച്ചുവെന്ന് വെറുതെ പറയുമോയെന്നും അദ്ദേഹം ചോദിച്ചു. മുൻ മന്ത്രി കെ കെ ശൈലജക്കും മേയർ ആര്യ രാജേന്ദ്രനും എതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. എല്ലാവർക്കും വന്ന് കൊട്ടിയിട്ടു പോകാനുള്ള ചെണ്ടകളല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ. ഇടതുപക്ഷമായതു കൊണ്ടാണ് അവർ ആക്രമിക്കപ്പെടുന്നത്. അക്രമത്തിൽ യൂത്ത് കോൺഗ്രസിൻ്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെയും ഒരു സംഘം ഉണ്ട്.

യൂത്ത് കോൺഗ്രസ് ഇറക്കി വിട്ടിരിക്കുന്ന സൈബർ ഗുണ്ടകളെ തിരിച്ച് വിളിക്കണം. ചെറുപ്രായത്തിൽ മേയർ ആയിവന്ന ആര്യയെ അന്ന് മുതലേ രാഷ്ട്രീയ ലക്ഷ്യം വച്ച് ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ചെല്ലും ചെലവും നല്‍കി ഒരു അരാജക സംഘത്തെ വളര്‍ത്തി വിട്ടിരിക്കുകയാണെന്നും എ എ റഹിം കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പ്രൊഫൈൽ 'പോരാളി ഷാജിയെ' നേരത്തെ തള്ളിപ്പറഞ്ഞതാണ്. മോശം പദപ്രയോഗം നടത്താൻ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനോടും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ തള്ളിപ്പറയുമെന്നും സംഭവത്തില്‍ ആര്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണെന്നും എ എ റഹിം പറഞ്ഞു.

Also Read:

  1. മേയറുടെ വാദം പൊളിയുന്നു, കെഎസ്ആർടിസി ബസിനെ പിന്തുടർന്ന് തടയുന്ന സിസിടിവി ദൃശ്യം പുറത്ത്
  2. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം; ആര്യ രാജേന്ദ്രനെതിരെ നഗരസഭ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം
  3. കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ടിഡിഎഫ്

ABOUT THE AUTHOR

...view details