76-ാം വയസിലും തളരാതെ രേണുക (Etv Bharat) കണ്ണൂർ :കണ്ണൂർ മേലെ ചൊവ്വയിലെ അലക്കൽ വീട്ടിൽ ബിഹാറിലെ മധുബാനി ഗ്രാമ്യ ചിത്രണ രീതിയോട് സാമ്യതയുള്ള എംബ്രോയിഡറി ചിത്രങ്ങൾ തുന്നിക്കൊണ്ടേയിരിക്കുകയാണ് 76 കാരിയായ രേണുക വിജയൻ. ചെറുപ്പം മുതൽ തുന്നലിനോട് തോന്നിയൊരിഷ്‌ടമാണ് ഇന്നും ഈ പ്രായത്തിലും അതേ സൗന്ദര്യത്തോടെ രേണുക ചെയ്യുന്നത്.
വിവാഹശേഷം ഭർത്താവുമൊത്ത് 16 വർഷത്തെ മലേഷ്യൻ ജീവിതം. അതുകഴിഞ്ഞ് കുടുംബവും ഒത്ത് നാട്ടിൽ തിരിച്ചെത്തി. ഭർത്താവിന്‍റെ മരണശേഷം രണ്ടായിരത്തിൽ കൈ വിരലുകൾക്ക് ബാധിച്ച അസുഖം രേണുകയെ തളർത്തി. കാലുകളിൽ പൊള്ളലേറ്റ പോലെ വിരലുകൾക്ക് സ്ഥാനചലന സംഭവിക്കുന്നതാണ് ആദ്യം അനുഭവപ്പെട്ടത്. പിന്നെ കൈവിരലുകളുടെ അഗ്രങ്ങൾ ഇരുഭാഗങ്ങളിലേക്ക് വളയുന്നതായി കണ്ടു തുടങ്ങി.
ഒരുതരം വാതമാണെന്ന് ഡോക്‌ടർ സ്ഥിരീകരിച്ചു. പിന്നെ കുറേക്കാലം ചികിത്സ. കാലം ചെല്ലും തോറും രോഗവും വളർന്നതല്ലാതെ ശമിച്ചില്ല. ഓടിച്ചാടി വീട്ടുകാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന രേണുക പിന്നെ ഊന്നു വടിയിലും ചാരുകസേരയിലും അഭയം പ്രാപിച്ചു. ഒന്നിനും സമയം തികയാതിരുന്ന രേണുകയ്ക്ക് ഒരുപാട് സമയം വെറുതെ തന്ന കാലത്തോട് പക്ഷേ അവർ നീതി ചെയ്‌തു.
സാവധാനമുള്ള വീടുപണികൾ കഴിഞ്ഞാൽ സമയത്തെ തോൽപ്പിക്കും വിധം എംബ്രോയിഡറിയെ പ്രണയിച്ചു. മര വൃത്തത്തിൽ ഇഷ്‌ട നിറത്തിലുള്ള തുണിയുറപ്പിച്ച ശേഷം പെൻസിൽ കൊണ്ടോ കാർബൺ പേപ്പറിൽ സ്കെച്ച് എടുത്തോ ആദ്യം ചിത്രം പകർത്തുന്നു. ചിത്രങ്ങളുടെ വർണ സാധ്യത തിരിച്ചറിഞ്ഞ് വർണ നൂലുകൾ സൂചിയിൽ കോർത്തു ചിത്രങ്ങൾ തുന്നിയെടുക്കും.
ഒരു ചിത്രം പൂർത്തിയാക്കാൻ ദിവസങ്ങൾ എടുക്കും. പെട്ടെന്ന് തീർക്കാതെ ദിവസങ്ങളോളം സമയം എടുത്ത് ഓരോന്നും പൂർത്തീകരിക്കുക എന്നതാണ് രേണുകയുടെ പോളിസി. എംബ്രോയിഡറി ചിത്രങ്ങൾ ചെയ്‌ത തുണികൾ, ബാഗുകൾ ആയും ടേബിൾ ക്ലോത്ത് ആയും പരിണമിക്കാറുണ്ട്. പൂക്കളും മരങ്ങളും കിളികളും മൃഗങ്ങളും ദേവരൂപങ്ങളും ആണ് ചിത്രങ്ങളില്‍ ഏറെയും.
24 വർഷങ്ങളായി തുന്നി കൂട്ടിയ ഈ ചിത്രങ്ങളിൽ ഏറ്റവും ഇഷ്‌ടപ്പെട്ടവ തെരഞ്ഞെടുത്ത് ഫ്രെയിം ചെയ്‌ത് കണ്ണൂരിൽ ഒരു പ്രദർശനം നടത്തണമെന്ന ആഗ്രഹം കുറച്ച് നാളുകളായി രേണുകയ്ക്കുണ്ട്. സ്വന്തമായി പുറത്തിറങ്ങി പ്രദർശനത്തിന്‍റെ ജോലികൾ ചെയ്യാൻ വയ്യാത്തതിനാൽ ഏതെങ്കിലും പ്രദർശനശാലകളോ വ്യക്തികളോ മുന്നോട്ടുവരുന്ന പ്രതീക്ഷയിലാണ് രേണുകയിപ്പോൾ.
Also Read: വെയിലും മഴയും ഏല്‍ക്കേണ്ട, സതീശന്‍റെ പാലിയം കുടകളുണ്ട്; ദുരിത കിടക്കയില്‍ നിന്നും വിധിയോട് പൊരുതി മുണ്ടുപാലം സ്വദേശി