എറണാകുളം : എഴുപത്തി നാലാം വയസിലും കൗമാരത്തിൻ്റെ കരുത്തുമായി തങ്കമ്മചേച്ചി ബിരുദ പഠനത്തിൻ്റെ തിരക്കിലാണ്. ഇലഞ്ഞി വിസാറ്റ് കോളജിലെ ഒന്നാം വർഷ ബി കോം വിദ്യാർഥിയായ തങ്കമ്മ കാമ്പസിലെയും നാട്ടിലെയും താരമാണ്. കൃത്യസമയത്ത് യൂണിഫോം ധരിച്ച് ബാക്ക് ബാഗും തൂക്കി കോളജിലെത്തുന്ന തങ്കമ്മയെന്ന വയോധികയെ കണ്ടാൽ ആരും ആദ്യമൊന്ന് അമ്പരക്കും.
കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണെന്ന് അറിയുന്നതോടെ ഇത് എങ്ങിനെയെന്നാകും എല്ലാവരുടെയും ചോദ്യം. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രതികൂല സാഹചര്യത്തെ തുടർന്ന് തങ്കമ്മയ്ക്ക് പഠനം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. എട്ടാം ക്ലാസിൽ അവസാനിപ്പിച്ച പഠനം അവസരം ലഭിപ്പിച്ചാൽ പൂർത്തിയാക്കണമെന്ന ഉറച്ച തീരുമാനം, അന്നേ തങ്കമ്മയുടെ മനസിലുണ്ടായിരുന്നു.
സംസ്ഥാന സാക്ഷരത മിഷൻ്റെ എട്ടാം ക്ലാസ് തുല്യതാ പരീക്ഷ നല്ല മാർക്കോടെ വിജയിച്ചതോടെയാണ് തങ്കമ്മയുടെ ആഗ്രഹങ്ങൾക്ക് വീണ്ടും ചിറക് മുളച്ചത്. എഴുപത്തിരണ്ടാം വയസിൽ പത്താം തരം തുല്യതാ പരീക്ഷയിൽ ഉന്നതവിജയം നേടി. തുടർന്ന് രണ്ട് വർഷത്തിന് ശേഷം പന്ത്രണ്ടാം തരം തുല്യതാ പരീക്ഷയിലും വിജയമാവർത്തിച്ചു.
ഇതോടൊയാണ് ബിരുദ പഠനമെന്ന മോഹം തങ്കമ്മയിൽ ഉണ്ടായത്. സുഹൃത്തുക്കളും മകനും വിസാറ്റ് അധികൃതരും പിന്തുണയുമായി കൂടെ നിന്നതോടെയാണ് എഴുപത്തി നാലാം വയസിൽ ബി.കോം റെഗുലർ വിദ്യാർഥിയാകാൻ തങ്കമ്മയ്ക്ക് കഴിഞ്ഞത്. തൻ്റെ പേരക്കുട്ടികളുടെ പ്രായമുള്ള കൂട്ടുകാർക്കൊപ്പം കോളജ് ജീവിതം ആസ്വദിക്കുകയാണ് അവർ.
ജൂനിയറായി എത്തിയ സീനിയർ വിദ്യാർഥിയെ ലഭിച്ച ആവേശത്തിലാണ് കോളജിലെ മറ്റ് വിദ്യാർഥികൾ. കോളജിൻ്റെ മുറ്റത്തൊന്ന് കയറണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാലിന്ന് കോളജിലെ ക്ലാസ് മുറിയുൾപ്പടെ എല്ലായിടവും തനിക്ക് കയറി ചെല്ലാനായതിൽ സന്തോഷമുണ്ടെന്ന് തങ്കമ്മ പറഞ്ഞു.