കോഴിക്കോട് :ക്രിസ്‌മസും ന്യൂയറും അടുത്തതോടെ വ്യാപകമായി ലഹരി വല്‍പന നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡാൻസാഫിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 20 ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎ പിടികൂടി. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ സമീപത്ത് വച്ചും മെഡിക്കൽ കോളജിനു സമീപത്തെ ലോഡ്‌ജിന്‍റെ പരിസരത്ത് വച്ചുമാണ് എംഡിഎംഎ പിടികൂടിയത്. രണ്ട് ഇടങ്ങളിലായി പിടികൂടിയത് 580 ഗ്രാം എംഡിഎംഎ ആണ്. എൻഡിഎംഎ എത്തിച്ച ഒരു യുവതി അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ (ഡിസംബര്‍ 10) പുലർച്ചെയാണ് കോഴിക്കോട് മാങ്കാവ് മിനി ബൈപ്പാസിലെ മിംസ് ആശുപത്രി പരിസരത്ത് വച്ച് ആദ്യം രണ്ടു പേരെ പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശികളായ സി എ മുഹമ്മദ്, ജാസം അറഫത്ത് എന്നിവരാണ് പിടിയിലായത്. ബെംഗളൂരിൽ നിന്നും എംഡിഎംഎ കോഴിക്കോട് എത്തിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും. ഇവരിൽ നിന്ന് 330 ഗ്രാം എംഡിഎംഐ ആണ് കണ്ടെടുത്തത്.
പിന്നീട് രാവിലെ ഒൻപത് മണിയോടെ ഡാൻസാഫിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്‌ജിന് സമീപത്തു വച്ച് നടത്തിയ പരിശോധനയിലാണ് മംഗലാപുരം സ്വദേശിനിയായ യുവതിയേയും ഫറോക്ക് സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തത്. ഫറോക്ക് കോടമ്പുഴ സ്വദേശി ഫജീർ (37) മംഗലാപുരം സ്വദേശിനിയായ ഷാഹിദ (31) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭാര്യയും ഭർത്താവും എന്ന നിലയിൽ ഇവിടെയെത്തി മുറിയെടുത്ത് ആവശ്യക്കാർക്ക് ലഹരി വിൽപന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.