കോഴിക്കോട്:കാജുക്കാഡോ കരാട്ടെ മാർഷൽ ആർട്‌സ് അക്കാദമിക്ക് ഇപ്പോൾ റെക്കോഡുകളുടെ വിജയത്തിളക്കമാണ്. ഒറ്റ ദിവസം മൂന്ന് റെക്കോഡുകളിട്ട് അച്‌ഛന്‍റെയും മകളുടെയും ശിക്ഷ്യയുടെയും മാസ്‌മരിക പ്രകടനമാണ് ഈ തിളക്കത്തിന് പിന്നില്‍. അക്കാദമിയിലെ പരിശീലകനായ സൻസായി അജീഷ് കുമാറും, മകൾ അരുന്ധതി അജീഷും, ശിക്ഷ്യയായ കെ കെ അനാമികയും ആണ് വേൾഡ് റെക്കോഡിൻ്റെ നെറുകയിലെത്തിയത്.
350 ബൈക്കുകളും അഞ്ച് കാറുകളും ശരീരത്തിലൂടെ കയറ്റിയിറക്കിയാണ് അജീഷ് കുമാർ ഇന്‍റർനാഷണൽ വേൾഡ് റെക്കോഡ് ഇട്ടത്. മകൾ അരുന്ധതിയാകട്ടെ 400 ടൈലുകൾ പൊട്ടിച്ചുകൊണ്ടാണ് റെക്കോഡിന് ഉടമയായത്. ശിക്ഷ്യയായ അനാമിക 120 മൺകുടങ്ങൾ കാലുകൊണ്ട് പൊട്ടിച്ചാണ് ഇൻറർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോഡ് നേടിയത്. എലത്തൂരിലെ സിഎംസി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടാണ് മൂന്ന് റെക്കോഡുകൾക്കും സാക്ഷ്യം വഹിച്ചത്.