കോഴിക്കോട് : വടകരയുടെ അങ്കത്തട്ടിൽ 'ടീച്ചറമ്മ' ഇറങ്ങിയതോടെ കെ.മുരളീധരൻ ആകെ അങ്കലാപ്പിലായിരുന്നു. ഇതോടെ സിറ്റിംഗ് എംപിയും കൂട്ടരും പിന്നെ പലവിധ കണക്ക് കൂട്ടലിലായി. ശൈലജയുടെ തട്ടകമായ കൂത്തുപറമ്പും തൊട്ടടുത്ത തലശേരിയും മൃഗീയ ഭൂരിപക്ഷം നല്‍കിയാല്‍ അത് അവർക്ക് വലിയ മുന്നേറ്റമാകും.
കോഴിക്കോട് ജില്ലയിലുള്ള ബാക്കി നിയമസഭാമണ്ഡലങ്ങളിൽ നിന്ന് കിട്ടാന്‍ സാധ്യതയുള്ള വോട്ടുകൊണ്ട് അത് മറികടക്കാൻ കഴിയുമോയെന്ന സംശയത്തിലുമായിരുന്നു. വനിത എന്ന മുൻതൂക്കവും ആരോഗ്യ മന്ത്രിയായ സമയത്തെ പ്രകടനവും ശൈലജക്ക് അനുകൂലമാണെന്ന് മുരളി മനസിലാക്കിയിട്ടുണ്ട്. അതിനപ്പുറം മുരളീധരൻ ഭയന്നത് ബിജെപി ക്രോസ് വോട്ടിനെയാണ്.
വടകര എംപി ആയിരിക്കെ, നിയമസഭയിലേക്ക് നേമത്ത് പോയി കുമ്മനം രാജശേഖരനെതിരെ മത്സരിച്ചതിന്‍റെ 'ചൊരുക്ക്' ബിജെപി വടകരയിൽ തീർക്കുമെന്ന് ഒരു പ്രചാരണമുണ്ടായിരുന്നു. എല്ലാം കൂടി ചേരുമ്പോൾ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് മുരളി തന്നെ അടുത്ത വൃത്തങ്ങളോട് സൂചിപ്പിച്ചിരുന്നു. എങ്കിലും രണ്ടാം പോരാട്ടത്തിനൊരുങ്ങുമ്പോഴാണ് കോണ്‍ഗ്രസ് അപ്രതീക്ഷിത നീക്കത്തിലൂടെ കെ മുരളീധരനെ തൃശൂരിലേക്കയച്ചത്.