മലപ്പുറം:സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന റിപ്പോർട്ട് സംബന്ധിച്ച് ആകെ 16,896 പരാതികൾ ലഭിച്ചു. ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 2834 പരാതികളാണ് മലപ്പുറത്ത് നിന്ന് ലഭിച്ചത്.
ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് ഇടുക്കി ജില്ലയില്‍ നിന്നാണ്. ആകെ 400 പരാതികളാണ് ഇടുക്കിയില്‍ നിന്നും ലഭിച്ചത്. ഗ്രാമപഞ്ചായത്തുകളിൽ ആകെ 11,874 പരാതികളും, മുനിസിപ്പാലിറ്റികളിൽ 2864 പരാതികളും, കോർപ്പറേഷനുകളിൽ 1607 പരാതികളുമാണ് ലഭിച്ചിട്ടുളളത്. കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് 874, കൊല്ലത്ത് 149, എറണാകുളത്ത് 129, തൃശൂർ 190, കോഴിക്കോട് 181, കണ്ണൂർ 84 എന്നിങ്ങനെ പരാതികളാണ് ലഭിച്ചത്.
ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ആനക്കയത്ത് നിന്നാണ്. 96 പരാതികളാണ് ആനക്കയത്ത് നിന്ന് ലഭിച്ചത്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച മുനിസിപ്പാലിറ്റി കൊടുവള്ളിയാണ്. 308 പരാതികള്‍ കൊടുവളളിയില്‍ നിന്ന് ലഭിച്ചു. സംസ്ഥാനത്തെ 30 ഗ്രാമപഞ്ചായത്തുകളിൽ നിന്ന് പരാതികൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
കമ്മിഷന് ലഭിച്ച മുഴുവൻ പരാതികളിലും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അന്വേഷണം നടത്തും. കമ്മിഷൻ പരാതിക്കാരെ അതാത് ജില്ലാകേന്ദ്രങ്ങളിൽ നേരിൽ കേൾക്കുകയും ചെയ്യും. ജില്ലാതലത്തിലുള്ള ഹിയറിങിന്‍റെ തീയതിയും സമയവും പിന്നീട് അറിയിക്കും. പരാതികളും അന്വേഷണ റിപ്പോർട്ടും നേരിൽ കേട്ട വിവരണങ്ങളും വിശദമായി പരിശോധിച്ചായിരിക്കും കമ്മിഷൻ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കുക.
ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകളുടെയും മുനിസിപ്പാലിറ്റികളിലെ 3241 വാർഡുകളുടെയും കോർപ്പറേഷനുകളിലെ 421 വാർഡുകളുടെയും പുനർവിഭജനമാണ് നടന്നത്. 2011ലെ സെൻസസിലെ ജനസംഖ്യ കണക്കുകളെ അടിസ്ഥാനമാക്കിയാണ് വാർഡ് പുനർവിഭജനം നടത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകളും, മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും കോർപ്പറേഷനുകളിൽ ഏഴും വാർഡുകളുമായി ആകെ 1510 വാർഡുകൾ പുതുതായി നിലവിൽ വരും.
രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തും. കരട് വിജ്ഞാപനം നവംബർ 18നാണ് പ്രസിദ്ധീകരിച്ചിരുന്നത്. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ ഓഫിസിലും ജില്ലാ കളക്‌ടറേറ്റുകളിലും നേരിട്ടും രജിസ്റ്റേർഡ് തപാലിലും ഡിസംബർ നാല് വരെയാണ് പരാതികൾ സ്വീകരിച്ചിരുന്നത്.
പരാതികളുടെ എണ്ണം സംബന്ധിച്ച ജില്ല തിരിച്ചുള്ള പട്ടിക ചുവടെ