തിരുവനന്തപുരം : വിഴിഞ്ഞം അദാനി തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് അരങ്ങേറിയ സമരത്തില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ അക്രമമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌ത 157 കേസുകളാണ് പിന്‍വലിച്ചത്. 2022 ല്‍ നടന്ന സമരത്തില്‍ 199 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകള്‍ പിന്‍വലിച്ചതായാണ് സര്‍ക്കാര്‍ അറിയിച്ചത്. ഈ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് നടപടി.
വിഴിഞ്ഞം സമരം :2022 നവംബര്‍ മാസത്തിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ സൈറ്റിനോടു ചേര്‍ന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശ വാസികള്‍ സമരം ആരഭിച്ചത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 2015ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉറപ്പുനല്‍കിയ പുനരധിവാസ പാക്കേജ് വൈകുന്നുവെന്നും തീരശോഷണം സംബന്ധിച്ച്, മത്സ്യ തൊഴിലാളികള്‍ക്ക് കൂടി സ്വീകാര്യമായ ഒരു വിദഗ്‌ധ സമിതി പഠനം നടത്തണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം.
ആദ്യം സമരത്തെ സര്‍ക്കാര്‍ അവഗണിച്ചുവെങ്കിലും ദിനം പ്രതി സമരം ശക്തിയാര്‍ജ്ജിച്ചു. ഇതിനിടെ തീര ശോഷണത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്‌ധ സമിതിയെ നിയോഗിച്ചെങ്കിലും തങ്ങള്‍ക്ക് സ്വീകാര്യരായവരില്ലെന്ന് ചൂണ്ടിക്കാട്ടി സമരസമിതി ഇത് തള്ളി. സമരം രൂക്ഷമാകുന്നതിനിടെ 2022 നവംബര്‍ 26ന് വൈകുന്നേരത്തോടെ സമരപ്പന്തല്‍ പൊളിക്കാനെത്തിയ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി.
പൊലീസ് ഭാഷ്യമനുസരിച്ച് കോടതി നിര്‍ദ്ദേശ പ്രകാരം പന്തല്‍ പൊളിക്കാനെത്തിയ 36 പൊലീസുകാരില്‍ 27 പേരെയും സമരക്കാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. നിരവധി പൊലീസ് വാഹനങ്ങള്‍ സമരക്കാര്‍ തകര്‍ത്തു. ഇതിനിടെ സ്ഥലത്ത് നിന്ന് ഏതാനും പേരെ പൊലീസ് പിടികൂടി സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതോടെ സമരക്കാര്‍ സംഘടിച്ചെത്തി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച്, കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ചു.
സ്ഥലത്ത് സംഘര്‍ഷവും ലാത്തിച്ചാര്‍ജുമുണ്ടായി. സമരത്തിന് നേതൃത്വം നല്‍കിയ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂണിന്‍ പെരേര ഉള്‍പ്പടെ 3000 പേരുടെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് നെറ്റോ, സഹ ബിഷപ്പ് ഫാദര്‍ ക്രിസ്‌തുദാസ്, ലാര്‍സ് ഗുലാസ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
ഇന്ത്യന്‍ ശിക്ഷാനിയമം(ഐപിസി) 143(അന്യായമായി സംഘം ചേരല്‍), 147(കലാപം), 120 ബി( കുറ്റകരമായ ഗൂഢാലോചന), 153 (സംഘര്‍ഷമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള കലാപം), 447 (ക്രിമിനലായി അതിക്രമിച്ചു കടക്കല്‍), 353(സര്‍ക്കാര്‍ ഉദ്യാഗസ്ഥരെ ആക്രമിച്ച് കൃത്യ നിര്‍വഹണത്തിന് തടസം വരുത്തുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ലത്തീന്‍ അതിരൂപത വികാരിയെ കേസില്‍ ഉള്‍പ്പെടുത്തിയത് കടുത്ത വിമര്‍ശനത്തിനിടയാക്കിയതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ ഒഴിവാക്കി.
ഇത്രയും വകുപ്പുകള്‍ ഗുരുതരമായ വകുപ്പുകളാണെന്നിരിക്കെ ഏതൊക്കെ കേസുകളാണ് പിന്‍വലിച്ചതെന്ന കാര്യം വ്യക്തമല്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കാതെ നിയമത്തിന്‍റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിനുപിന്നാലെ വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ പേരിലെടുത്ത കേസുകള്‍ കൂടി പിന്‍വലിക്കുന്നത്, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സര്‍ക്കാരിന്‍റെ നീക്കമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
Also Read :രോഷം അണപൊട്ടിയ ഉപരോധം, വള്ളത്തിന് തീയിടൽ, പൊലീസുമായി ഉന്തും തള്ളും ; വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെയുള്ള സമരത്തിൽ സംഘർഷം