തിരുവനന്തപുരം:വിദേശ രാജ്യങ്ങളിലെ മദ്യക്കടകളോടു കിടപിടിക്കുന്ന രീതിയില്‍ മുന്തിയ ഇനം മദ്യങ്ങള്‍ക്കു മാത്രമായി മികച്ച മദ്യ ഷോപ്പുകള്‍ ആരംഭിക്കാന്‍ ബെവ്‌കോ തയ്യാറെടുക്കുന്നു. സൂപര്‍ പ്രീമിയം ഷോപ്പുകള്‍ എന്ന പേരിലാണ് സംസ്ഥാനത്ത് മികച്ച സൗകര്യങ്ങളില്‍ പ്രീമിയം മദ്യങ്ങള്‍ മാത്രം വില്‍ക്കുന്ന ഷോപ്പുകള്‍ ബെവ്‌കോ ആരംഭിക്കുന്നത്. സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ എന്ന പേരില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോന്നു വീതം ആരംഭിക്കാനാണ് ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിട്ടുളളതെന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി ഇടിവി ഭാരതിനോടു പറഞ്ഞു.
നിലവില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നിടത്ത് തന്നെ പ്രത്യേകമായാണ് പ്രീമിയം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതുതായി ആരംഭിക്കുന്ന സൂപ്പർ പ്രീമിയം ഷോപ്പുകള്‍ക്കൊപ്പം വിലകുറഞ്ഞ മദ്യം ലഭിക്കുന്ന കൗണ്ടറുകള്‍ ഉണ്ടാകില്ല. അതായത് 750 മില്ലി ലിറ്ററിന് 750 രൂപവരെ വില വരുന്ന മദ്യം ഇത്തരം പുതിയ ഷോപ്പുകളില്‍ ഉണ്ടാകില്ല.
അതിനു മുകളിലുള്ള മദ്യങ്ങള്‍ വില്‍ക്കുന്നതിനാണ് സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ ആരംഭിക്കുന്നത്. വളരെ മനോഹരമായ ഡിസ്‌പ്ലേയില്‍ മദ്യ ഉപഭോക്താക്കള്‍ക്ക് മികച്ച വാങ്ങൽ അനുഭവം പ്രദാനം ചെയ്യുന്ന തരത്തിലായിരിക്കും പുതിയ സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ സജീകരിക്കുക. ഇതിനാവശ്യമായ ഇന്‍റീരിയര്‍ ഡിസൈനുകളുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
ഉടനടി 4 എണ്ണം, 3000 ചതുരശ്ര അടി വലിപ്പം
3000 ചതുരശ്ര അടി വലിപ്പത്തില്‍ മികച്ച ലുക്ക് ആന്‍ഡ് ഫീലിലായിരിക്കും പുതിയ സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍. ആദ്യ ഘട്ടത്തില്‍ 14 ജില്ലകളില്‍ ഓരോ സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ സ്ഥാപിക്കാനാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ആദ്യ പടിയായി എറണാകുളം ജില്ലയില്‍ വൈറ്റില, വടക്കേക്കോട്ട, കോഴിക്കോട് ഗോകുലം മാള്‍, തൃശൂര്‍ മനോരമ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഷോപ്പുകള്‍ ഉടന്‍ നിലവില്‍ വരും.
ആദ്യ നാലെണ്ണം പ്രവര്‍ത്തനം ആരംഭിച്ചാല്‍ മറ്റു ജില്ലകളില്‍ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഓരോന്നു വീതം സ്ഥാപിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ടൂറിസം കേന്ദ്രം എന്നതു പരിഗണിച്ച് വര്‍ക്കലയില്‍ സൂപ്പർ പ്രീമിയം കൗണ്ടര്‍ ആരംഭിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.