കാസര്‍കോട്:ഒരു നൂറ്റാണ്ടിൻ്റെ കഥപറയുന്ന പൂര്‍ണമായും മരംകൊണ്ട് നിര്‍മ്മിച്ച ഒരു പഴയ വീട്. തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറി വന്നപ്പോള്‍ ഒഴുകയില്‍ ലൂയിസ് കൊണ്ടുവന്നതാണ് ഈ തടിവീട്. 120 ലധികം വര്‍ഷത്തോളം കാലപ്പഴക്കമുണ്ടെങ്കിലും ഒരു കേടുപാടുപോലും ഈ വീടിന് സംഭവിച്ചിട്ടില്ല എന്നത് അത്ഭുതപ്പെടുത്തും.
നിര്‍മാണത്തിലെ വൈദഗ്ധ്യം തന്നെയാണ് ഈ വീടിനെ വേറിട്ട് നിര്‍ത്തുന്നത്. വിശാലമായ നാലു മുറികളും ഒരു വരാന്തയും നിലവറയും തട്ടിന്‍പുറവുമൊക്കെയുണ്ട്. മുറിയില്‍ മരം കൊണ്ട് നിര്‍മിച്ച മേക്കപ്പ് സെറ്റും വാതിലുകളുടെ ക്രമീകരണവുമൊക്കെ കൗതുകമുള്ളതാണ്. കൊടുവേനലില്‍ പോലും ഈ വീട്ടില്‍ ഫാന്‍ വേണ്ട. അത്രയക്ക് കുളിരാണ് അകത്ത്. പൂർണമായും മരം ആയതിനാൽ അടുപ്പ് പുറത്താണ്. പാലായിൽ ലൂയിസിൻ്റെ പിതാവ് നിര്‍മിച്ചതാണ് ഈ വീട്. കാസര്‍കോട് വെള്ളരിക്കുണ്ടിലേക്ക് കുടിയേറിയപ്പോള്‍ വീട് പൊളിച്ച് സാധനങ്ങളെല്ലാം കൂടെ കൊണ്ടുവരികയായിരുന്നു.
"ചാച്ചന് ഈ വീടെന്ന് പറഞ്ഞാല്‍ ജീവനാണെന്ന് മകന്‍ ജോഷ്വ പറയുന്നു. മൂന്നു ലോറികളിലായാണ് വീട് വെള്ളരിക്കുണ്ടില്‍ എത്തിച്ചതെന്നും ഒരോ മരത്തിൻ്റെ ഭാഗത്തിനും നമ്പര്‍ ഇട്ടാണ് കൊണ്ടുവന്നതെന്നും മൂന്നു മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയതെന്നും ജോഷ്വ ഓര്‍ക്കുന്നു. ദിവസങ്ങളോളം ആശാരിമാര്‍ ഇതിനുവേണ്ടി പ്രയത്‌നിച്ചു. കാരണം ഒരെണ്ണം മാറിയാല്‍ എല്ലാം മാറുമെന്നും ജോഷ്വ പറയുന്നു.
നാല്‍പത് വര്‍ഷത്തോളം ലൂയിസും കുടുംബവും താമസിച്ചത് ഈ വീട്ടിലാണ്. അന്നത്തെ തച്ചൻ്റെ കൊത്തുപണികളുടെ അത്ഭുതങ്ങളും ഈ വീട്ടില്‍ കാണാം. മേല്‍ക്കൂര ഇപ്പോള്‍ ഓടിട്ടിരിക്കുകയാണ്. നേരത്തെ ഓലമേഞ്ഞത് ആയിരുന്നു. പലകയും കഴുക്കോലും ഉറപ്പിക്കാന്‍ ഉപയോഗിച്ചത് ഈട്ടിമരം കൊണ്ടുള്ള ആണിയാണ്. ഭൂരിഭാഗവും പ്ലാവ് കൊണ്ടാണ് നിര്‍മ്മാണം. ഇരൂളും മറ്റ് മരങ്ങളും ഉപയോഗിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരമ്പരാഗത കര്‍ഷകനായ ലൂയിസ് കാര്‍ഷിക ഉത്‌പന്നങ്ങള്‍ സൂക്ഷിക്കുന്നതും ഇവിടെയാണ്. പണ്ടുകാലത്ത് ഉപയോഗിച്ച നിരവധി കാര്‍ഷിക ഉപകരണങ്ങളും ഇവിടെത്തിയാല്‍ കാണാം. പുരാവസ്‌തു പ്രേമികള്‍ ഈ വീട്ടിലെ സാധനങ്ങള്‍ വാങ്ങിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചെത്തിയിരുന്നെങ്കിലും ലൂയിസ് സമ്മതിച്ചില്ല. തൻ്റെ കാലശേഷം മകന്‍ ജോഷ്വയ്‌ക്ക് അവകാശപ്പെട്ടതാണെന്നാണ് ലൂയിസ് പറയുന്നത്.
അപൂർവമായി മാത്രം തുറക്കുന്ന വാതിൽ