കേരളം

kerala

ETV Bharat / sports

'വിശാഖപട്ടണത്ത് ജയിച്ചു, പക്ഷെ...' ; ഇന്ത്യന്‍ ടീമിന് വമ്പന്‍ മുന്നറിയിപ്പുമായി സഹീര്‍ ഖാന്‍ - ഇന്ത്യ vs ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റ് മികവ് പുലര്‍ത്തണമെന്ന് സഹീര്‍ ഖാന്‍.

Zaheer Khan  India vs England  Yashasvi Jaiswal  ഇന്ത്യ vs ഇംഗ്ലണ്ട്  സഹീര്‍ ഖാന്‍
Former player Zaheer Khan Critical About India's Batting in India vs England 2nd Test

By ETV Bharat Kerala Team

Published : Feb 6, 2024, 7:45 PM IST

മുംബൈ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ (India vs England 2nd Test) വിജയം നേടാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ 106 റണ്‍സിനായിരുന്നു രോഹിത് ശര്‍മയും സംഘവും ജയം നേടിയത്. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ താരം സഹീര്‍ ഖാന്‍ (Zaheer Khan).

ടീമിന്‍റെ ബാറ്റിങ് യൂണിറ്റ് കൂടുതല്‍ മികവ് കാണിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട സഹീര്‍ ഖാന്‍, യശസ്വി ജയ്‌സ്വാളിന്‍റെയും (Yashasvi Jaiswal) ശുഭ്‌മാന്‍ ഗില്ലിന്‍റേയും (Shubman Gill) വ്യക്തിഗത മികവ് കൊണ്ട് മാത്രമാണ് വിശാഖപട്ടണത്ത് ഇന്ത്യ വിജയിച്ചതെന്നാണ് പറഞ്ഞുവയ്‌ക്കുന്നത്. "വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ടീമിനെ നോക്കുകയാണെങ്കില്‍ കുറച്ച് ആശങ്കകളുണ്ട്. ബാറ്റിങ്ങിലേക്കാണ് കൂടുതല്‍ നോക്കേണ്ടത്. ഇത്തരം പിച്ചുകളില്‍ ഇന്ത്യ കുറച്ച് കൂടി മികച്ച രീതിയില്‍ കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്‌സ് നോക്കൂ.

അതില്‍ ഒരു താരത്തിന് മാത്രമാണ് അര്‍ധ സെഞ്ചുറി നേടാന്‍ കഴിഞ്ഞത്. എന്നിട്ടും അവര്‍ 300 റണ്‍സിന് തൊട്ടടുത്തെത്തി. കൂട്ടായ ശ്രമത്തിലൂടെയാണ് അത് ചെയ്യാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ ബാറ്റിങ്ങിലേക്ക് നോക്കുകയാണെങ്കില്‍ യശസ്വി ജയ്‌സ്വാളില്‍ നിന്നും ശുഭ്‌മാന്‍ ഗില്ലില്‍ നിന്നും വളരെ മികച്ച രണ്ട് ഇന്നിങ്‌സുകള്‍ നമ്മള്‍ കണ്ടു. എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റ് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്"- സഹീര്‍ ഖാന്‍ പറഞ്ഞു.

വിശാഖപട്ടണത്ത് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 399 റണ്‍സായിരുന്നു നേടിയിരുന്നത്. ഇതില്‍ 209 റണ്‍സും നേടിയത് യശസ്വി ജയ്‌സ്വാളായിരുന്നു. 290 പന്തുകളില്‍ 19 ബൗണ്ടറികളും ഏഴ്‌ സിക്‌സും സഹിതമായിരുന്നു യശസ്വിയുടെ ഇരട്ട സെഞ്ചുറി പ്രകടനം. 34 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.

രോഹിത് ശര്‍മ (14), ശ്രേയസ് അയ്യര്‍ (27), അക്‌സര്‍ പട്ടേല്‍ (27) രജത് പടിദാര്‍ (32), ശ്രീകര്‍ ഭരത് (17), ആര്‍ അശ്വിന്‍ (20), കുല്‍ദീപ് യാദവ് ജസ്പ്രീത് ബുംറ (6), കുല്‍ദീപ് യാദവ് (8*), എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സംഭാവന. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 255 റണ്‍സെടുത്തപ്പോള്‍ ഇതില്‍ 104 റൺസും നേടിയത് ശുഭ്‌മാന്‍ ഗില്ലാണ്.

ALSO READ:'തീരുമാനം അവന്‍റേതാണ്, ഞങ്ങള്‍ ഒന്നിനും നിര്‍ബന്ധിക്കില്ല'; ഇഷാന്‍റെ മടങ്ങി വരവില്‍ നിലപാട് വ്യക്തമാക്കി ദ്രാവിഡ്

റെഡ്‌ ബോള്‍ ക്രിക്കറ്റിലെ റണ്‍ വരള്‍ച്ചയ്‌ക്ക് കടുത്ത വിമര്‍ശനം നേരിടവെയായിരുന്നു താരം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന പ്രകടനം നടത്തിയത്. 147 പന്തുകളില്‍ 11 ബൗണ്ടറികളും രണ്ട് സിക്‌സും സഹിതമായിരുന്നു ഗില്ലിന്‍റെ സെഞ്ചുറി പ്രകടനം. അക്‌സര്‍ പട്ടേല്‍ 45 റണ്‍സെടുത്തപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ (17), രോഹിത് ശര്‍മ (13), ശ്രേയസ് അയ്യര്‍ (29), ആര്‍ അശ്വിന്‍ (29) എന്നിവരായിരുന്നു രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.

ALSO READ: "ഹൃദയം തകർന്ന നിശബ്‌ദത"യ്ക്ക് പിന്നാലെ 'മുംബൈ പുകയുന്നു'...മാർക്ക് ബൗച്ചറിന്‍റെ വിശദീകരണത്തിന് റിതികയുടെ മറുപടി...

ABOUT THE AUTHOR

...view details