മുംബൈ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും (India vs England 2nd Test) നിരാശപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പേസര്‍ സഹീര്‍ ഖാന്‍. വിശാഖപട്ടണം ടെസ്റ്റിന്‍റെ രണ്ട് ഇന്നിങ്‌സിലും മികച്ച തുടക്കം ലഭിച്ചതിന് ശേഷം വിക്കറ്റ് തുലച്ച ശ്രേയസിന്‍റെ പ്രവര്‍ത്തിയാണ് സഹീറിനെ ചൊടിപ്പിച്ചത്. സ്പിന്നര്‍മാര്‍ക്കെതിരെ മനോഹരമായി കളിക്കാന്‍ കഴിവുള്ള താരമാണ് ശ്രേയസ്.
എന്നാല്‍ താരം തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ തുലയ്‌ക്കുകയാണ് ചെയ്യുന്നത്. ടീമിനും വ്യക്തിഗതമായും പ്രധാനപ്പെട്ട സമയം താരം മനസിലാക്കണം. അല്ലെങ്കില്‍ ശ്രേയസ് ടീമിന് പുറത്തിരിക്കേണ്ടി വരുമെന്നുമാണ് 45-കാരനായ സഹീര്‍ തുറന്നടിച്ചിരിക്കുന്നത്.
"സ്പിന്നിനെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ കഴിവുള്ള താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ അവന്‍ വീണ്ടും അവസരം പാഴാക്കി. സ്‌പിന്നര്‍മാര്‍ക്കെതിരെ അമിത ആധിപത്യം പുലർത്താൻ ശ്രമിക്കുന്നതിനിടയിൽ അവന്‍ തന്‍റെ വിക്കറ്റ് നഷ്‌ടപ്പെടുത്തുകയാണ്.
സാഹചര്യത്തിന് അനുസരിച്ചാണ് എപ്പോഴും കളിക്കേണ്ടത്. ടീമിനും വ്യക്തിഗതമായും നിര്‍ണായകമായ സമയം ഏതെന്ന് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. അതിന് അനുസരിച്ച് പക്വതയോടെ കളിക്കേണ്ടതുണ്ട്" - സഹീർ ഖാന്‍ പറഞ്ഞു.
പ്രകടനം ഇങ്ങനെ തന്നെയാണങ്കില്‍ അടുത്ത മൂന്ന് ടെസ്റ്റുകളില്‍ ശ്രേയസിന് ടീമില്‍ സ്ഥാനം കിട്ടാനിടയില്ലെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു. "ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കഴിഞ്ഞതോടെ തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കായുള്ള ടീം തെരഞ്ഞെടുപ്പിലാണ് സെലക്‌ടര്‍മാര്‍. കെഎൽ രാഹുലും വിരാട് കോലിയും തിരിച്ചെത്തിയേക്കും.