ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ യുവ താരം യശസ്വി ജയ്‌സ്വാളിനെത്തേടി ഐസിസി പുരസ്‌കാരം. 2024 ഫെബ്രുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് (ICC Men's Player of the Month Award for February 2024) ആണ് യശസ്വിയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ന്യൂസിലൻഡിന്‍റെ സ്റ്റാർ ബാറ്റർ കെയ്ൻ വില്യംസൺ (Kane Williamson), ശ്രീലങ്കൻ ഓപ്പണർ പാത്തും നിസ്സാങ്ക (Pathum Nissanka) എന്നിവരെ പിന്തള്ളിയാണ് 22-കാരന്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
ഐസിസി അവാർഡ് ലഭിച്ചതില്‍ താൻ ഏറെ സന്തുഷ്‌ടനാണെന്ന് യശസ്വി ജയ്‌സ്‌വാള്‍ പ്രതികരിച്ചു. "ഭാവിയിൽ കൂടുതല്‍ അവാര്‍ഡുകള്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടിനെതിരെ നടന്നത് ഏറ്റവും മികച്ച പരമ്പരകളിലൊന്നാണ്. എന്‍റെ ആദ്യ അഞ്ച് മത്സര പരമ്പര കൂടി ആയിരുന്നുവിത്. അതു ഞാന്‍ ശരിക്കും ആസ്വദിച്ചു. പരമ്പര ഞങ്ങള്‍ 4-1ന് വിജയിച്ചു. എന്‍റെ ടീമംഗങ്ങള്‍ക്കൊപ്പമുള്ള അവിശ്വസനീയമായ അനുഭവമായിരുന്നുവിത്" ഇന്ത്യയുടെ യുവ ഓപ്പണര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയാക്കായി (India vs England Test) വമ്പന്‍ റണ്‍വേട്ടയായിരുന്നു യശസ്വി നടത്തിയത്. ഇതിന്‍റെ മികവില്‍ താരം സ്വന്തമാക്കിയ റെക്കോഡുകളും നിരവധിയാണ്. അഞ്ച് ടെസ്റ്റുകളില്‍ നിന്നും രണ്ട് ഇരട്ട സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 712 റണ്‍സായിരുന്നു യശസ്വി അടിച്ചെടുത്തത്.
ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്ററാണ് യശസ്വി. വിരാട് കോലിയെ മറികടന്നായിരുന്നു താരത്തിന്‍റെ നേട്ടം. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലും രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സിലുമായിരുന്നു താരത്തിന്‍റെ ഇരട്ട സെഞ്ചുറി നേട്ടം.