രാജ്‌കോട്ട് :അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാം ഇരട്ടസെഞ്ച്വറി നേടി ഇന്ത്യയുടെ യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal Double Hundred). ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ (India vs England 3rd Test) നാലാം ദിനത്തിലാണ് ജയ്‌സ്വാള്‍ കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയടിച്ചത്. 231 പന്തുകളില്‍ നിന്നും 14 ഫോറുകളുടെയും 10 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് ജയ്‌സ്വാള്‍ ഇരട്ടശതകം (200*) പൂര്‍ത്തിയാക്കിയത്.
മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ജയ്‌സ്വാള്‍ പുറം വേദനയെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയായിരുന്നു. തുടര്‍ന്ന്, ഇന്ന് ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റ് നഷ്‌ടമായതോടെയാണ് താരം ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം അവസാനിപ്പിച്ചടുത്ത് നിന്നും തന്നെ ഇന്ന് ബാറ്റിങ് ആരംഭിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചു.
ഇംഗ്ലീഷ് സ്‌പിന്നര്‍മാരെ കടന്നാക്രമിച്ച ജയ്‌സ്വാള്‍ അനായാസം സ്കോര്‍ ഉയര്‍ത്തി. ആദ്യം കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ചായിരുന്നു അടി. പിന്നീട് ക്രീസിലെത്തിയ സര്‍ഫറാസ് ഖാനൊപ്പവും (Sarfaraz Khan) മത്സരത്തില്‍ നിര്‍ണായകമായ കൂട്ടുകെട്ട് ജയ്‌സ്വാള്‍ പടുത്തുയര്‍ത്തി. അതിവേഗത്തിലാണ് ജയ്‌സ്വാള്‍ - സര്‍ഫറാസ് സഖ്യം ഇന്ത്യയ്‌ക്കായി റണ്‍സ് കണ്ടെത്തിയത്.