ബെംഗളൂരു: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ എട്ട് വിക്കറ്റിന്‍റെ വമ്പൻ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മത്സരത്തില്‍ ദയനീയമായിരുന്നു ഇന്ത്യയുടെ പ്രകടനം. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സില്‍ ഓള്‍ഔട്ടാകുകയും 356 റണ്‍സിന്‍റെ ലീഡ് വഴങ്ങുകയും ചെയ്‌തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ മുൻ നിര മികച്ച പ്രകടനം നടത്തിയെങ്കിലും 107 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം മാത്രമായിരുന്നു കിവീസ് ബാറ്റര്‍മാര്‍ക്ക് മുന്നിലേക്ക് വയ്ക്കാൻ ഇന്ത്യയ്‌ക്കായത്.
2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ തോല്‍വിയാണിത്. ഈയൊരു തോല്‍വിയോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ പോയിന്‍റ് ശതമാനം 70.83% ല്‍ നിന്നും 68.06% ആയി കുറഞ്ഞു. ഇതോടെ, ഈ തോല്‍വി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകളെ തകിടം മറിക്കുമോ എന്നാണ് ആരാധകര്‍ക്കിടയില്‍ നിന്നും ഉയരുന്ന പ്രധാന ചോദ്യം.
നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ന്യൂസിലൻഡിനെതിരായ തോല്‍വി ഇന്ത്യയുടെ സാധ്യതകളെ തല്ലിക്കെടുത്തുന്നതല്ലെന്ന് നിസംശയം പറയാം. അതിനുള്ള കാരണങ്ങള്‍ പരിശോധിക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തലപ്പത്ത് തന്നെ ഇപ്പോഴും:ബെംഗളൂരുവില്‍ ന്യൂസിലൻഡിന് മുന്നില്‍ കീഴടങ്ങിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമൊന്നും സംഭവിച്ചിട്ടില്ല. 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളില്‍ ഇന്ത്യയ്‌ക്ക് ഇനി ഏഴ് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതില്‍ ഈ പരമ്പരയിലെ മത്സരങ്ങള്‍ കൂടാതെ ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളും ഉള്‍പ്പെടുന്നു. ശേഷിക്കുന്ന മത്സരങ്ങളില്‍ നാല് ജയവും രണ്ട് സമനിലയും സ്വന്തമാക്കാനായാല്‍ ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായ മൂന്നാം തവണയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഒരു സ്ഥാനം ഉറപ്പിക്കാം. മത്സരഫലങ്ങള്‍ ഇങ്ങനെയായാല്‍ 67.54 പോയിന്‍റ് ശതമാനത്തോടെ തന്നെ ഇന്ത്യയ്‌ക്ക് കലാശക്കളിയ്‌ക്ക് ടിക്കറ്റ് ഉറപ്പിക്കാം.
വെല്ലുവിളി മൂന്ന് ടീമുകള്‍:ഓസ്‌ട്രേലിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഒരു സ്ഥാനം ഉറപ്പിക്കാൻ പോരടിക്കുന്ന മറ്റ് ടീമുകള്‍. 62.50 പോയിന്‍റ് ശതമാനമുള്ള ഓസ്‌ട്രേലിയ നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ്. ഏഴ് മത്സരങ്ങളാണ് നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ഓസീസിനും കളിക്കാൻ ബാക്കി.
ആറ് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ബാക്കിയുള്ളത്. ഈ മത്സരങ്ങളെല്ലാം അവര്‍ക്ക് ജയിക്കാനായല്‍ 69.44 പോയിന്‍റ് ശതമാനവുമായി ഒരുപക്ഷെ ഇന്ത്യയെ മറികടക്കാൻ സാധിച്ചേക്കാം. ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയാണ് പ്രോട്ടീസിന് ഇനി മത്സരങ്ങളുള്ളത്.
കലാശക്കളിയ്‌ക്ക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ് പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ശ്രീലങ്കയും. അവസാന രണ്ട് മത്സരങ്ങള്‍ ജയിച്ചെങ്കിലും ലങ്കയുടെ മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമാകണമെന്നില്ല. കരുത്തരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെയാണ് ശ്രീലങ്കയ്‌ക്ക് ഇനി നാല് മത്സരങ്ങള്‍ ശേഷിക്കുന്നത്. ഈ നാല് ജയങ്ങള്‍ 69.23% എന്ന വിജയ-നഷ്ട ശതമാനത്തിലേക്ക് അവരെ എത്തിക്കുകയും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുകയും ചെയ്യും. ഒരു തോല്‍വിയോ സമനിലയോ പോലും അവരുടെ സാധ്യതകള്‍ കൂടുതല്‍ സങ്കീര്‍ണമാകും.
Also Read :ബെംഗളൂരു ടെസ്റ്റിൽ ന്യൂസിലൻഡിന് ചരിത്ര വിജയം, 36 വർഷത്തിന് ശേഷം ഇന്ത്യയുടെ നാണംകെട്ട തോൽവി