ഡൽഹി: ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നതായി റിപ്പോർട്ട്. അടുത്ത മാസം നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ചേക്കും. ജനവിധി തേടുന്നതിന് മുന്നോടിയായി ഇരുവരും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. രാഹുൽ ഗാന്ധി ഫോഗട്ടിനും പുനിയക്കുമൊപ്പം നിൽക്കുന്ന ഫോട്ടോ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സിൽ പോസ്റ്റ് ചെയ്‌തു.
കഴിഞ്ഞ തിങ്കളാഴ്ച കോൺഗ്രസ് കേന്ദ്ര കമ്മിറ്റി യോഗം ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കാൻ ചർച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി 34 സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തതായി ഹരിയാന കോൺഗ്രസ് ഇൻചാർജ് ദീപക് ബബാരിയ പറഞ്ഞു. സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് പുറത്തുവിടുമെന്നും ബാബരിയ സൂചിപ്പിച്ചു.
വിനേഷ് ഫോഗട്ടിന്‍റെ സഹോദരി ബബിത ഫോഗട്ട് ബി.ജെ.പി സ്ഥാനാര്‍ഥിയായി ഹരിയാന നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്. ഡെമോക്രാറ്റിക് ജനതാ പാർട്ടിക്ക് വേണ്ടി വിനേഷിന്‍റെ മുത്തച്ഛൻ എംഎസ് ഫോഗട്ട് ജുലാന മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഒക്‌ടോബർ അഞ്ചിന് ഒറ്റഘട്ടമായി നടക്കും. ഒക്‌ടോബർ എട്ടിന് വോട്ടെണ്ണും. നേരത്തെ ഒക്‌ടോബർ ഒന്നിന് തിരഞ്ഞെടുപ്പ് നടത്താനും ഹിമാചൽ പ്രദേശിലും ഹരിയാനയിലും വോട്ടെണ്ണൽ ഒക്‌ടോബർ നാലിനും നടത്താനായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പദ്ധതിയിട്ടിരുന്നത്. പിന്നീട് തിരഞ്ഞെടുപ്പ് തീയതി മാറ്റുകയായിരുന്നു.
അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ കോൺഗ്രസും ആം ആദ്‌മി പാർട്ടിയും (എഎപി) ആരംഭിച്ചു. അജയ് മാക്കൻ, ദീപക് ബാബരിയ, ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവരുൾപ്പെടെ മൂന്നംഗ സമിതിയെ കോൺഗ്രസ് രൂപീകരിച്ചു.
Also Read:ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി അംഗമായി അജയ് രാത്രയെ നിയമിച്ചു - Indian Cricket Selection Committee