അഹമ്മദാബാദ് :ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ 9 വിക്കറ്റിന്‍റെ തകര്‍പ്പൻ ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അടിച്ചെടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 201 റണ്‍സ് വിജയലക്ഷ്യമായിരുന്നു ആര്‍സിബിയ്‌ക്ക് മുന്നിലേക്ക് വച്ചത്. 14 വര്‍ഷം മുന്‍പ് അവസാനമായി 200ന് മുകളില്‍ ഒരു വിജയലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കിയ ആര്‍സിബിയ്‌ക്ക് പിന്നീട് ഒരിക്കല്‍ പോലും ടി20 ക്രിക്കറ്റിലെ മാജിക്കല്‍ നമ്പര്‍ പിന്തുടര്‍ന്ന് ജയം നേടാൻ സാധിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്തിന്‍റെ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ആര്‍സിബി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ആരാധകരും ആശങ്കയിലായിരുന്നു. ഈ ആശങ്ക കൂട്ടുന്നതായിരുന്നു മത്സരത്തില്‍ മികച്ച തുടക്കം നല്‍കിയ ശേഷമുള്ള നായകൻ ഫാഫ് ഡുപ്ലെസിസിന്‍റെ പുറത്താകലും. 3.5 ഓവറില്‍ സ്കോര്‍ 40ല്‍ നില്‍ക്കെയാണ് 12 പന്തില്‍ 24 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിസ് മടങ്ങിയത്.
നായകനെ വേഗത്തില്‍ നഷ്‌ടപ്പെട്ടെങ്കിലും ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലുള്ള വിരാട് കോലിയിലായിരുന്നു ആര്‍സിബിയുടെ പ്രതീക്ഷ. മത്സരത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത നിലവാരത്തില്‍ തന്നെ ബാറ്റ് വീശാൻ വിരാട് കോലിക്കുമായി. എന്നാല്‍, ഏവരെയും ഞെട്ടിക്കുന്നതായിരുന്നു മത്സരത്തില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തി സെഞ്ച്വറിയടിച്ച വില്‍ ജാക്‌സിന്‍റെ പ്രകടനം.
ഇന്നിങ്‌സിന്‍റെ സ്‌പിന്നര്‍മാര്‍ക്കെതിരെ റണ്‍സ് കണ്ടെത്താൻ വില്‍ ജാക്‌സ് നന്നേ പാടുപെട്ടിരുന്നു. ജാക്‌സ് പതറിയ സമയത്ത് കോലിയായിരുന്നു ടീമിനായി റണ്‍സ് കണ്ടെത്തിക്കൊണ്ടിരുന്നത്. ആദ്യം നേരിട്ട 17 പന്തില്‍ 17 റണ്‍സ് മാത്രമായിരുന്നു ജാക്‌സിന്‍റെ സമ്പാദ്യം. ഈ സമയം താരത്തിന്‍റെ ബാറ്റില്‍ നിന്നും ആകെ പിറന്നത് ഒരു ഫോര്‍ മാത്രം.
പിന്നീടായിരുന്നു മത്സരത്തില്‍ വില്‍ ജാക്‌സിന്‍റെ സംഹാര താണ്ഡവം. ഗുജറാത്തിന്‍റെ വെറ്ററൻ പേസര്‍ മോഹിത് ശര്‍മ പന്തെറിയാൻ എത്തിയതോടെയായിരുന്നു താരം ഗിയര്‍ മാറ്റിയത്. മോഹിതിന്‍റെ ആദ്യ ഓവറില്‍ ഓരോ സിക്‌സും ഫോറും പായിച്ചതോടെ 21 പന്തില്‍ 27 റണ്‍സ് എന്ന നിലയിലേക്ക് തന്‍റെ സ്കോര്‍ ഉയര്‍ത്താൻ ജാക്‌സിന് സാധിച്ചു. പിന്നീട്, മത്സരത്തിന്‍റെ 13-ാം ഓവറില്‍ സായ് കിഷോറിനെതിരെ ഒരു സിക്‌സ്.
14-ാം ഓവറില്‍ കോലി ജാക്‌സ് സഖ്യം സെഞ്ച്വറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. ഈ ഓവറില്‍ നൂര്‍ അഹമ്മദിനെ അതിര്‍ത്തി കടത്തിയ ജാക്‌സ് അവസാന പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് കീപ്പ് ചെയ്‌തു. 15-ാം ഓവര്‍ പന്തെറിയാനെത്തിയ മോഹിത് ശര്‍മയെ ഫോറും സിക്‌സും പറത്തി നേരിട്ട 31-ാം പന്തില്‍ ജാക്‌സ് അര്‍ധ സെഞ്ച്വറിയിലേക്ക് എത്തി. നോ ബോളായ അടുത്ത പന്തും ഗാലറിയിലെത്തിച്ച ജാക്‌സ് ഓവറിലെ നാലാം പന്തില്‍ വീണ്ടും സിക്‌സും അഞ്ചാം പന്തില്‍ ഫോറും നേടി. 29 റണ്‍സായിരുന്നു മോഹിത് തന്‍റെ രണ്ടാം ഓവറില്‍ വഴങ്ങിയത്.
ഗുജറാത്തിന്‍റെ വജ്രായുധം റാഷിദ് ഖാൻ ആയിരുന്നു വില്‍ ജാക്‌സിന്‍റെ അടുത്ത ഇര. ഓവറിലെ ആദ്യ പന്തില്‍ കോലി സിംഗിളെടുത്ത് ജാക്‌സിന് സ്ട്രൈക്ക് കൈമാറി. റാഷിദിന്‍റെ ഓവറിലെ അവസാന അഞ്ച് പന്തില്‍ നാലും അതിര്‍ത്തി കടത്തിക്കൊണ്ട് ജാക്‌സ് ഐപിഎല്‍ കരിയറില്‍ തന്‍റെ ആദ്യ സെഞ്ച്വറിയും ആര്‍സിബിയുടെ അവിശ്വസനീയ ജയവും പൂര്‍ത്തിയാക്കുകയായിരുന്നു.
31 പന്തില്‍ ആദ്യ 50 റണ്‍സ് സ്കോര്‍ ചെയ്‌ത ജാക്‌സിന് സെഞ്ച്വറിയിലേക്ക് എത്താൻ പിന്നീട് വേണ്ടി വന്നത് വെറും പത്ത് പന്തുകള്‍ മാത്രമായിരുന്നു. ലോക ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്ററായ വിരാട് കോലിയെ പോലും അമ്പരപ്പിക്കുന്നതായിരുന്നു ജാക്‌സിന്‍റെ ഈ വെടിക്കെട്ട് ഇന്നിങ്‌സ്.
Also Read :അടിയുടെ പൊടിപൂരവുമായി വില്‍ ജാക്‌സും കോലിയും; ഗുജറാത്തിനെതിരെ ആധികാരിക വിജയവുമായി ബെംഗളൂരു - IPL 2024 GT Vs RCB Result