കേരളം

kerala

ഇന്ത്യ ടു പാരിസ്: അവസാനവട്ട ഒളിമ്പിക്‌സ് ഒരുക്കത്തില്‍ താരങ്ങള്‍; പരിശീലനം വിദേശത്തും - Indian Athletes Olympics training

By ETV Bharat Kerala Team

Published : Jul 11, 2024, 9:11 PM IST

Updated : Jul 12, 2024, 8:26 AM IST

നീരജ് ചോപ്ര, പി വി സിന്ധു ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ഓണ്‍ലൈനായാണ് പ്രധാനമന്ത്രിയുടെ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തത്.

PARIS OLYMPICS 2024  Indian athletics team Training  പാരിസ് ഒളിമ്പിക്‌സ്  ഇന്ത്യൻ അത്ലറ്റുകളുടെ പരിശീലനം
Representative Image (ETV BHARAT)

ന്യൂഡല്‍ഹി :പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്‍റെ യാത്രയയപ്പ് പരിപാടി ഡല്‍ഹിയില്‍ നടന്നപ്പോള്‍ മാധ്യമങ്ങളടക്കം എല്ലാവരും തെരഞ്ഞത് നീരജ് ചോപ്രയടക്കമുള്ള പ്രമുഖ താരങ്ങളെയായിരുന്നു. എന്നാല്‍ ഇവരാരും വേദിയിലും സദസിലും ഉണ്ടായിരുന്നില്ല. ഓണ്‍ലൈനായാണ് നീരജ് ചോപ്രയും പി വി സിന്ധുവും അടക്കമുള്ള പ്രമുഖ താരങ്ങള്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തത്.

അത്ലറ്റുകള്‍ പരിശീലനത്തിരക്കില്‍ :പാരിസ് ഒളിമ്പിക്‌സ് തൊട്ടരികെ എത്തി നില്‍ക്കേ 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ട്രാക്കിലിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ അവസാന വട്ട പരിശീലനത്തിന്‍റെ തിരക്കിലാണ്. പാരിസിലേതിന് സമാനമായ കാലാവസ്ഥയിലും സാഹചര്യങ്ങളിലും പരിശീലനം നേടി ചുറ്റുപാടുകളുമായി താദാത്മ്യം പ്രാപിച്ച് മികച്ച പ്രകടനം പുറത്തെടുക്കലാണ് ഇന്ത്യന്‍ സംഘത്തിന്‍റെ ലക്ഷ്യം. അത്ലറ്റിക്‌സ് ടീമിലെ മുന്‍ നിര താരങ്ങളൊക്കെ പരിശീലനത്തിനായി വിദേശത്താണുള്ളത്.

പി വി സിന്ധു (Etv Bharat)

നീരജ് ചോപ്ര :ഇന്ത്യ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ജാവലിന്‍ താരം നീരജ് ചോപ്ര അടക്കമുള്ള അത്ലറ്റുകള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി അവസാന വട്ട ഒരുക്കത്തിലാണ്. കഴിഞ്ഞ മാസം ഫിന്‍ലന്‍ഡില്‍ നടന്ന പാവോ നൂര്‍മി ഗെയിംസില്‍ പങ്കെടുത്ത് സ്വര്‍ണം നേടിയ നീരജ് ചോപ്ര തത്‌കാലം ഒളിമ്പിക്‌സ് കഴിയും വരെ ഇനി മത്സരങ്ങളില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലാണ്. തുര്‍ക്കിയിലെ ഗ്ലോറിയ സ്പോര്‍ട്‌സ് അറീനയിലും ജര്‍മനിയിലെയും ഫിന്‍ലന്‍ഡിലെയും വിവിധ സ്പോര്‍ട്‌സ് സെന്‍ററുകളിലുമായി കഠിന പരിശീലനത്തിലാണ് താരം. ഓഗസ്‌റ്റ് ഒന്നിന് അത്ലറ്റിക്‌സ് മത്സരങ്ങള്‍ ആരംഭിക്കുമെങ്കിലും ഓഗസ്‌റ്റ് ആറിനാണ് ജാവലിന്‍ ത്രോ ക്വാളിഫിക്കേഷന്‍ മത്സരങ്ങള്‍. ഓഗസ്‌റ്റ് എട്ടിനാണ് ജാവലിന്‍ ത്രോ ഫൈനല്‍.

നീരജ് ചോപ്ര (Etv Bharat)

പോളണ്ടില്‍ പരിശീലിക്കുന്ന താരങ്ങള്‍ :ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്ന കിഷോര്‍ ജെനയും വനിത താരം അന്നു റാണിയും പോളണ്ടിലാണ് പരിശീലനം തേടുന്നത്. പോളണ്ടിലെ സ്‌പാലാ ഒളിമ്പിക് സ്പോര്‍ട്‌സ് സെന്‍ററിലാണ് ഇവര്‍ പരിശീലിക്കുന്നത്. ഇവര്‍ക്കൊപ്പം ഷോട്ട് പുട്ടര്‍ തേജീന്ദര്‍പാല്‍ സിങ്ങുമുണ്ട്. ലോങ് ജംപ് താരം ജെസ്വിന്‍ ആള്‍ഡ്രിന്‍, ട്രിപ്പിള്‍ ജംപ് താരം പ്രവീണ്‍ ചിത്രവേല്‍, ഹര്‍ഡില്‍സ് താരം ജ്യോതി യര്‍രാജി, ഷോട്ട് പുട്ടര്‍ അഭാ കട്ട്വാ എന്നിവരും പോളണ്ടില്‍ തന്നെയാണ് പരിശീലനം തുടരുന്നത്.

അവിനാഷ് സാബ്ലേ (ETV Bharat)

സ്വിറ്റ്സര്‍ലന്‍ഡില്‍ പരിശീലിക്കുന്നവര്‍ :ഇന്ത്യന്‍ സ്റ്റിപ്പിള്‍ ചേസ് താരങ്ങളായ അവിനാഷ് സാബ്ലേ, പാറൂള്‍ ചൗധരി എന്നിവര്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ് പരിശീലനം തേടുന്നത്. സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബെംഗളൂരു കേന്ദ്രത്തിലും ഒരു സംഘം അത്ലറ്റുകള്‍ പരിശീലനം നേടുന്നുണ്ട്. മലയാളി ട്രിപ്പിള്‍ ജംപ് താരം അബ്‌ദുള്ള അബൂബക്കര്‍ അടക്കമുള്ള താരങ്ങളാണ് ബെ‍ംഗളൂരു സായിയിലുള്ളത്. നടത്തത്തില്‍ പങ്കെടുക്കുന്ന അക്ഷദീപ് സിങ്, പരംജിത് സിങ്ങ് ബിഷ്‌ത്, വികാസ് സിങ്, സുരാജ് പന്‍വാര്‍ മധ്യ ദൂര ഓട്ടക്കാരി അങ്കിത ദയാനി എന്നിവരാണ് ഇവിടെ പരിശീലിക്കുന്നത്. ജൂലൈ 28 ന് താരങ്ങള്‍ പാരിസിലെ ഗെയിംസ് വില്ലേജിലെത്തും.

അബ്‌ദുള്ള അബൂബക്കര്‍ (ETV Bharat)

യൂറോപ്യന്‍ സാഹചര്യങ്ങളില്‍ മത്സര അനുഭവം നേടുന്നതിനാണ് പല താരങ്ങളും നേരത്തേ തന്നെ യൂറോപ്പിലെത്തിയത്. ഗെയിംസിന്‍റെ ആദ്യ നാളുകളില്‍ത്തന്നെ കളത്തിലിറങ്ങാനുള്ള ആര്‍ച്ചറി ടീമും തുര്‍ക്കിയിലെ അന്‍റാലിയയിലും മറ്റുയൂറോപ്യന്‍ രാജ്യങ്ങളിലുമായി പരിശീലനത്തിലാണ്. നാലാം ഒളിമ്പിക്‌സിനിറങ്ങുന്ന ദീപിക കുമാരിയും തരുണ്‍ദീപ് റായിയുമടക്കം ആറു താരങ്ങളാണ് ഇന്ത്യന്‍ അമ്പെയ്ത്ത് ടീമിലുള്ളത്. ആദ്യ ഘട്ടത്തില്‍ മത്സര രംഗത്തിറങ്ങാനുള്ള ഇന്ത്യന്‍ ഷൂട്ടിങ് സംഘവും വിദേശ പരിശീലനത്തിലാണ്.

Also Read: പാരിസ് ഒളിമ്പിക്‌സ് 2024: റോഡ് ടു പാരിസ് റാങ്കിങ്ങിലൂടെ യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍

Last Updated : Jul 12, 2024, 8:26 AM IST

ABOUT THE AUTHOR

...view details