ദുബായ്:ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ താരം ശുഭ്‌മന്‍ ഗില്ലിന്‍റെ വിക്കറ്റ് ആഘോഷിച്ച പാക് സ്‌പിന്നര്‍ അബ്‌റാര്‍ അഹമ്മദിനെതിരെ ഇതിഹാസ താരം വസീം അക്രം രംഗത്ത്. ഗില്ലിന്‍റെ വിക്കറ്റെടുത്ത ശേഷം പരിഹാസ്യകരമായ രീതിയിലായിരുന്നു അബ്‌റാര്‍ ആഘോഷം നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താരത്തെ ക്ലീന്‍ ബൗള്‍ഡാക്കിയതിന് ശേഷമുള്ള അബ്‌റാറിന്‍റെ പെരുമാറ്റം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വിക്കറ്റ് വീണതിന് പിന്നാലെ അബ്‌റാര്‍ ആറ്റിറ്റ്യൂഡില്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കുകയാണ് ചെയ്‌തത്. മത്സരത്തില്‍ വിരാട് കോലിയുടെ സെഞ്ച്വറിയില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവസ്പിന്നര്‍ക്കെതിരെ വസീം രംഗത്തെത്തിയത്.
'ശുഭ്‌മൻ ഗില്ലിനെ പുറത്താക്കിയ ഡെലിവറി എനിക്ക് വളരെയധികം ഇഷ്ടമായി. ശേഷമുള്ള ആഘോഷം ഒട്ടും നല്ലതായി തോന്നിയില്ലായെന്ന് വസീം അക്രം പറഞ്ഞു. അബ്‌റാറിന്‍റെ പെരുമാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച താരം ചെയ്തത് മോശം പ്രവൃത്തിയാണെന്നും സ്ഥലവും കാലവും നോക്കി വേണമായിരുന്നു ഇത്തരം ആഘോഷങ്ങള്‍ നടത്താനെന്നും വിമര്‍ശിച്ചു. ടീം തോല്‍വിയിലേക്ക് പോകുന്നതിനിടെ ഒരു വിക്കറ്റ് വീഴ്ത്തിയതിനാണോ 5 വിക്കറ്റ് നേടിയത് പോലുള്ള ആഘോഷം? അങ്ങനെ ചെയ്യുന്നതില്‍ നിന്ന് അവനെ തടയാന്‍ ആരും ഉണ്ടായിരുന്നില്ലേ? ആ ആഘോഷമാണ് എല്ലാം നശിപ്പിച്ചത്.’ അക്രം കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക് കടന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍റെ 242 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 51-ാം ഏകദിന സെഞ്ച്വറി നേടിയ കോലി 100 റണ്‍സുമായി പുറത്താകാതെ നിന്നു. 56 റണ്‍സുമായി ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ഗില്ലും തിളങ്ങി. രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്തു.