മുംബൈ :എന്തുകൊണ്ട് വിദേശ ലീഗുകളില്‍ ഇന്ത്യൻ താരങ്ങള്‍ കളിക്കുന്നില്ല എന്ന ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റിന്‍റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഇന്ത്യൻ താരങ്ങള്‍ ധനികരാണെന്നും അവര്‍ ദരിദ്ര രാജ്യങ്ങളില്‍ കളിക്കാൻ പോകാറില്ലെന്നുമാണ് സെവാഗ് പറഞ്ഞത്. ക്ലബ് പ്രെയറി ഫയര്‍ പോഡ്‌കാസ്റ്റിലായിരുന്നു സെവാഗിന്‍റെയും ആദം ഗില്‍ക്രിസ്റ്റിന്‍റെയും സൗഹൃദ സംഭാഷണം.
ആഗോള തലത്തില്‍ ഇന്ന് ഒട്ടനവധി ക്രിക്കറ്റ് ലീഗുകളാണ് ഉള്ളത്. എന്നാല്‍, അവയില്‍ ഐപിഎല്ലില്‍ മാത്രമാണ് ഇന്ത്യൻ താരങ്ങള്‍ സജീവമാകാറ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സംഘടിപ്പിക്കുന്ന ലീഗുകളില്‍ പങ്കെടുക്കാൻ ഇന്ത്യൻ പുരുഷ താരങ്ങള്‍ക്ക് ബിസിസിഐ അനുമതി ആവശ്യമാണ്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും ബിസിസിഐ അനുമതി ലഭിച്ചാല്‍ മാത്രമെ ഇന്ത്യൻ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാൻ സാധിക്കൂ. അതേസമയം, ഇന്ത്യയിലെ വനിത താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതിന് യാതൊരു വിലക്കും ബിസിസിഐ ഏര്‍പ്പെടുത്തിയിട്ടില്ല.