ഹെെദരാബാദ്:നിരാലംബരായ കുട്ടികളെ സഹായിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലും ഭാര്യ അതിയ ഷെട്ടിയും രംഗത്ത്. ഇരുവരും ചേര്‍ന്ന് 'ക്രിക്കറ്റ് ഫോര്‍ ചാരിറ്റി' എന്ന പേരില്‍ ലേലം സംഘടിപ്പിച്ചു. കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്ന സംഘടനയായ വിപ്ല ഫൗണ്ടേഷനെ പിന്തുണയ്ക്കുന്നതിനായാണ് പരിപാടി നടത്തിയത്. വിരാട് കോഹ്ലിയുടെ ജഴ്‌സി, എം.എസ് ധോണി, രോഹിത് ശർമ എന്നിവരുടെ ബാറ്റുകൾ ഉൾപ്പെടെ ലേലത്തിൽ വിറ്റുപോയതിലൂടെ 1.9 കോടി രൂപയാണ് സമാഹരിച്ചത്.
കോലിയുടെ ജഴ്‌സി 40 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വിറ്റത്. 28 ലക്ഷം രൂപയ്ക്ക് താരത്തിന്‍റെ ഗ്ലൗസും ലേലത്തില്‍ പോയി. രോഹിത് ശര്‍മയുടെ ബാറ്റ് (24 ലക്ഷം), എം.എസ് ധോണിയുടെ ബാറ്റ് (13 ലക്ഷം), രാഹുല്‍ ദ്രാവിഡിന്‍റെ ബാറ്റ് (11 ലക്ഷം), കെഎല്‍ രാഹുലില്‍ ജഴ്‌സി (11 ലക്ഷം) എന്നിവയാണ് ലേലത്തില് വിറ്റുപോയത്. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര താരങ്ങളും ലേലത്തില്‍ പങ്കെടുത്തിരുന്നു. ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ജോസ് ബട്ലര്‍, ക്വിന്‍റണ്‍ ഡി കോക്ക്, നിക്കോളാസ് പൂരന്‍ എന്നിവരും ലേലത്തിന്‍റെ ഭാഗമായി.