പെര്‍ത്ത്:ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്‌ക്കുള്ള ഇന്ത്യൻ ടീമിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാണ് വെറ്ററൻ ബാറ്റര്‍ വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റില്‍ പഴയ താളം കണ്ടെത്താൻ കഴിഞ്ഞ കുറച്ചുകാലമായി ബുദ്ധിമുട്ടുകയാണ് കോലി. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലൂടെ 36കാരൻ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍, ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യയുടെ ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മത്സരത്തില്‍ കോലിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പെര്‍ത്തില്‍ നടന്ന പരിശീലന മത്സരത്തില്‍ 15 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഇന്ത്യൻ പേസര്‍ മുകേഷ് കുമാറാണ് മത്സരത്തില്‍ കോലിയുടെ വിക്കറ്റ് നേടിയത്.
കവറിലൂടെ ഷോട്ടുകള്‍ പായിച്ച് മികച്ച രീതിയിലാണ് കോലി ബാറ്റിങ് തുടങ്ങിയത്. എന്നാല്‍, ക്രീസില്‍ അധികസമയം ചെലവഴിക്കാൻ കോലിക്കായില്ല. മുകേഷ് കുമാറിന്‍റെ പന്തില്‍ സെക്കൻഡ് സ്ലിപ്പില്‍ ക്യാച്ച് നല്‍കി കോലിക്ക് മടങ്ങേണ്ടി വരികയായിരുന്നു. പരിശീലന മത്സരത്തില്‍ അതിവേഗം പുറത്തായതിന് പിന്നാലെ നെറ്റ്‌സില്‍ 30 മിനിറ്റോളം നേരം തുടര്‍ച്ചയായി കോലി ബാറ്റ് ചെയ്‌തതായും റിപ്പോര്‍ട്ടുകളുണ്ട്.