ധരംശാല :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ തുടര്‍ച്ചയായ നാലാം ജയം നേടി പ്ലേഓഫിലേക്കുള്ള വിദൂര സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ധരംശാലയില്‍ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ ബെംഗളൂരു 60 റണ്‍സിന്‍റെ തകര്‍പ്പൻ ജയമാണ് നേടിയത്. ഇതോടെ, 12 കളിയില്‍ നിന്നും 10 പോയിന്‍റായി ബെംഗളൂരുവിന്.
ശേഷിക്കുന്ന രണ്ട് മത്സരം ജയിച്ചാലും ലീഗിലെ മറ്റ് മത്സരങ്ങളെ ആശ്രയിച്ചായിരിക്കും നിലവിലെ സാഹചര്യത്തില്‍ ആര്‍സിബിയ്‌ക്ക് പ്ലേഓഫ് യോഗ്യത ലഭിക്കുക. സീസണിന്‍റെ ആദ്യ പകുതിയിലേറ്റ തുടര്‍തോല്‍വികളാണ് നിലവില്‍ ആര്‍സിബിയ്‌ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുകയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും.
സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ ഒരൊറ്റ ജയം മാത്രമായിരുന്നു ആര്‍സിബിയ്‌ക്ക് നേടാനായത്. പഞ്ചാബ് കിങ്‌സിനെതിരെയായിരുന്നു ഈ ജയം. സീസണിന്‍റെ തുടക്കത്തില്‍ തങ്ങള്‍ക്ക് മികവ് പുലര്‍ത്താനായില്ല. ഇപ്പോഴുള്ളതെല്ലാം അഭിമാന പോരാട്ടങ്ങള്‍ ആണ്. ആരാധകരെ സന്തോഷിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പഞ്ചാബിനെതിരായ വമ്പൻ ജയത്തിന് പിന്നാലെ കോലി പറഞ്ഞു. താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ.
'ടൂര്‍ണമെന്‍റിന്‍റെ ആദ്യപകുതിയില്‍ ഞങ്ങള്‍ക്ക് വേണ്ടത്ര മികവ് പുലര്‍ത്താനായില്ല എന്നത് വസ്‌തുതയാണ്. തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങിയിരുന്ന ആ സമയത്ത് ഡ്രസിങ് റൂമില്‍ ഇരുന്ന് തിരിച്ചുവരവിനെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും പേടികൂടാതെ കളിക്കണമെന്ന് ഞങ്ങള്‍ക്ക് മനസിലായി.