മുംബൈ:അടുത്ത വര്‍ഷം ഐപിഎല്ലില്‍ വിരാട് കോലിയെ നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനെ കുറിച്ച് ആര്‍സിബി ചിന്തിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഹര്ഭജൻ സിങ്. ഇക്കൊല്ലം ബെംഗളൂരു പ്ലേ ഓഫിന് യോഗ്യത നേടിയില്ലെങ്കില്‍ കോലിയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ആര്‍സിബി വീണ്ടും പരിഗണിക്കണമെന്നാണ് ഹര്ഭജൻ സിങ്ങിന്റെ അഭിപ്രായം. മികച്ച ഫോമില്‍ കളിക്കുന്ന ഒരു ഇന്ത്യൻ ക്യാപ്റ്റൻ ചുക്കാൻ പിടിച്ചാല്‍ ഏതൊരു ടീമിനും നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ, 2013-ല്‍ ആര്‍സിബിയുടെ നായകനായി ചുമതലയേറ്റെടുത്ത വിരാട് കോലി എട്ട് വര്‍ഷത്തിന് ശേഷം 2021-ല്‍ ആയിരുന്നു സ്ഥാനമൊഴിഞ്ഞത്. കോലിയ്ക്ക് കീഴില്‍ 2016ല്‍ ഫൈനലില്‍ കടക്കാൻ സാധിച്ചതാണ് ടീമിന്റെ ഏറ്റവും മികച്ച നേട്ടം. വിരാട് കോലി സ്ഥാനമൊഴിഞ്ഞതോടെ 2022-ലാണ് ഫാഫ് ഡുപ്ലെസിസിനെ ആര്‍സിബി നായകനായി നിയമിക്കുന്നത്.
ആ വര്‍ഷം ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി പ്ലേ ഓഫിന് യോഗ്യത നേടിയെങ്കിലും അടുത്ത സീസണില്‍ ടീമിന് ആദ്യ നാലില്‍ ഇടം കണ്ടെത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ രീതിയിലൂടെയാണ് ഇത്തവണയും ആര്‍സിബിയുടെ പോക്ക്. ഈ സാഹചര്യത്തിലാണ് ഹര്‍ഭജന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഹര്‍ഭജന്റെ വാക്കുകള്‍ ഇങ്ങനെ...
'ഈ വര്‍ഷം ആര്‍സിബി പ്ലേഓഫിന് യോഗ്യത നേടിയില്ലെങ്കില്‍ അവര്‍ ഒരു ഇന്ത്യൻ താരത്തെ ക്യാപ്റ്റനാക്കാൻ ശ്രമിക്കണം. ഇങ്ങനെ വന്നാല്‍ അവര്‍ക്ക് വിരാട് കോലിയെ തന്നെ വീണ്ടും നായകസ്ഥാനത്തേക്ക് പരിഗണിച്ചൂടെ?
ചെന്നൈ സൂപ്പര്‍ കിങ്സിനായി വലിയ സ്വാധീനം ചെലുത്തുന്ന താരമാണ് എംഎസ് ധോണി. വിരാട് കോലിയും മികച്ച ഒരു ലീഡറാണ്. തങ്ങളുടെ ടീം ഏത് തരത്തിലുള്ള ക്രിക്കറ്റാണ് കളിക്കേണ്ടത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായി തന്നെ അറിയാം.