മെല്‍ബണ്‍:ബോക്‌സിങ് ഡേ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഒന്നാം ദിനത്തില്‍ ഓസീസ് യുവ ഓപ്പണര്‍ സാം കോൺസ്റ്റാസുമായി കൊമ്പുകോര്‍ത്ത വിരാട് കോലിക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയൻ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍പ്പൻ പ്രകടനമാണ് 19കാരനായ കോണ്‍സ്റ്റാസ് കാഴ്‌ചവെച്ചത്. മെല്‍ബണില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ക്കായി ഏകദിന ശൈലിയില്‍ റണ്‍സ് കണ്ടെത്തിയ കൗമാരതാരം 65 പന്തില്‍ 60 റണ്‍സുമായി പുറത്താകുകയായിരുന്നു.
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ ഒരോവറില്‍ 18 റണ്‍സാണ് കോണ്‍സ്റ്റസ് അടിച്ചെടുത്തത്. ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയ യുവതാരത്തെ പ്രകോപനത്തിലൂടെ പുറത്താക്കാനുള്ള ശ്രമങ്ങളും ടീം ഇന്ത്യ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു സീനിയര്‍ താരം വിരാട് കോലി കോണ്‍സ്റ്റാസുമായി കൊമ്പുകോര്‍ത്തത്.
ഓസ്‌ട്രേലിയൻ ഇന്നിങ്‌സിന്‍റെ 11-ാം ഓവറിന്‍റെ ഇടവേളയിലാണ് വിരാട് കോലി സാം കോണ്‍സ്റ്റാസുമായി കൂട്ടിയിടിച്ചത്. കോലി ബോധപൂര്‍വ്വം തന്നെ യുവതാരത്തെ വന്നിടിക്കുകയായിരുന്നുവെന്നാണ് ആ സമയം കമന്‍ററിയിലുണ്ടായിരുന്ന മുൻ താരം റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടത്. നടക്കുന്ന ദിശ വിരാടിന് കൃത്യമായി അറിയാമായിരുന്നു. മറ്റ് ഫീല്‍ഡര്‍മാരെ നോക്കിയാണ് സാം എതിര്‍ദിശയിലേക്ക് പോയത്. എതിരെ വന്ന വിരാടിനെ കണ്ടപ്പോഴേക്കും ഒഴിഞ്ഞ് മാറാനുള്ള സമയം പോലും സാമിന് ലഭിച്ചില്ലെന്നും പോണ്ടിങ് പറഞ്ഞു.