അഹമ്മദാബാദ് :ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനും സ്‌പിന്നര്‍മാര്‍ക്കെതിരായ മോശം പ്രകടനത്തിന്‍റെ പേരിലും കേട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി റോയല്‍ ചലഞ്ചേഴ്‌സ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ഗ്രൗണ്ടിന് പുറത്ത് തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ പോലും ടീമിനെ ജയത്തിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് തന്‍റെ ലക്ഷ്യമെന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരശേഷം വിരാട് കോലി പറഞ്ഞു. അഹമ്മദാബാദില്‍ ഗുജറാത്തിനെതിരെ ആര്‍സിബി 9 വിക്കറ്റിന്‍റെ ജയം നേടിയ മത്സരത്തില്‍ പുറത്താകാതെ 44 പന്തില്‍ 70 റണ്‍സായിരുന്നു കോലി നേടിയത്.
'എന്‍റെ സ്ട്രൈക്ക് റേറ്റിനെ കുറിച്ചും സ്‌പിന്നര്‍മാര്‍ക്കെതിരായ പ്രകടനങ്ങളെ കുറിച്ചും കാര്യങ്ങള്‍ പറയുന്നവര്‍ നല്ലതുപോലെ സംസാരിക്കുന്നവരാണ്. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിനെ ജയിപ്പിക്കുക എന്നത് മാത്രമാണ്. 15 വര്‍ഷമായി ഇത് ചെയ്യാൻ സാധിക്കുന്നു. ടീമിന് ജയങ്ങള്‍ നേടിക്കൊടുക്കുന്നുണ്ട്.
കമന്‍ററി ബോക്‌സിനുള്ളില്‍ ഇരുന്ന് മത്സരത്തെ കുറിച്ച് വാചാലരാകുന്നവര്‍ അത്തരം സാഹചര്യങ്ങളെ നേരിട്ടുണ്ടെന്ന് തോന്നുന്നില്ല. ബോക്‌സില്‍ ഇരുന്ന് കളിക്കുന്നതും ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്നതും വ്യത്യസ്‌തമായ കാര്യങ്ങളാണ്. എന്‍റെ ജോലി എന്താണോ അത് കൃത്യമായി ചെയ്യുക എന്നത് മാത്രമാണ് എന്‍റെ കാര്യം. മത്സരങ്ങളെ കുറിച്ചും പ്രകടനങ്ങളെ കുറിച്ചും ആര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാം. എന്നാല്‍, കളിക്കുന്നവര്‍ക്ക് മാത്രമാണ് ഗ്രൗണ്ടില്‍ എന്താണ് സംഭവിക്കുന്നതെന്നത് മനസിലാകുക'- വിരാട് കോലി പറഞ്ഞു.