ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്കുള്ള (Virat Kohli) ആരാധക പിന്തുണ വളരെ ഏറെയാണ്. കിങ് കോലിയെന്നാണ് താരത്തെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ തന്നെ 'കിങ്' എന്ന് വിളിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് വിരാട് കോലി. തന്നെ 'വിരാട്' എന്ന് വിളിച്ചോളൂവെന്നാണ് 35-കാരന്‍ പ്രതികരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് ചടങ്ങിലാണ് കോലി ഇക്കാര്യം സംസാരിച്ചത്. പരിപാടിക്കിടെ അവതാരകനായ ഡാനിഷ് സേഠ് വിരാടിനെ കിങ് കോലിയെന്ന് വിശേഷിപ്പിച്ചിരുന്നു. താരം സംസാരിക്കാന്‍ എത്തിയപ്പോള്‍ ഗാലറിയില്‍ നിന്നും കിങ് കോലി വിളികള്‍ നിര്‍ത്താതെ മുഴങ്ങുകയും ചെയ്‌തു. ആരാധകരുടെ ആരവം കാരണം ആദ്യം കോലിയ്‌ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോള്‍ കോലി പറഞ്ഞത് ഇങ്ങനെ ആയിരുന്നു... "ഈ രാത്രി തന്നെ ഞങ്ങള്‍ക്ക് ചെന്നൈയിലേക്ക് പോകേണ്ടതുണ്ട്. ചാര്‍ട്ടേഡ് ഫ്ലൈറ്റിന്‍റെ സമയമായതിനാല്‍ ഇനി അധികം സമയം കളയാനില്ല. എനിക്ക് നിങ്ങളോട് എല്ലാവരോടുമായി ഒരു അഭ്യര്‍ഥനയുണ്ട്.
ആദ്യം നിങ്ങള്‍ എന്നെ ആ പേര് (കിങ് കോലി) വിളിക്കുന്നത് നിര്‍ത്തണം. ദയവ് ചെയ്‌ത് എന്നെ വിരാട് എന്ന് വിളിക്കൂ. എന്നെ ആ പേര് വിളിക്കരുത്. നിങ്ങളെന്നെ ആ പേര് ഓരോ തവണ വിളിക്കുമ്പോഴും എനിക്ക് നാണക്കേട് തോന്നുന്നുവെന്ന് ഞാന്‍ ഫാഫ് ഡുപ്ലെസിസിനോട് പറയുകയായിരുന്നു. ഇപ്പോള്‍ മുതല്‍ എന്നെ അങ്ങനെ വിളിക്കരുത്. എന്നെ സംബന്ധിച്ച് അതു വലിയ നാണക്കേടാണ്" - വിരാട് കോലി പറഞ്ഞു.