മാഡ്രിഡ്: എല്‍ ക്ലാസിക്കോ പോരാട്ടത്തിനിടെ വംശീയാധിക്ഷേപം നേരിട്ട ബാഴ്‌സലോണയുടെ യുവതാരം ലമീൻ യമാലിന് പിന്തുണയുമായി റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയര്‍. റയല്‍ മാഡ്രിഡിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ഇത്തരമൊരു സംഭവമുണ്ടായതില്‍ ഖേദിക്കുന്നു. വംശീയ അധിക്ഷേപങ്ങള്‍ ചൊരിയുന്ന കുറ്റവാളികള്‍ നമ്മുടെ സമൂഹത്തില്‍ സ്ഥാനം അര്‍ഹിക്കുന്നവരല്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ വിനീഷ്യസ് കുറിച്ചു.
'ബെര്‍ണബ്യൂവില്‍ വംശീയാധിക്ഷേപവുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങള്‍ ഖേദകരമാണ്. ഈ കുറ്റവാളികള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല. ലമീനിനും അൻസുവിനും റാഫീഞ്ഞയ്‌ക്കും എന്‍റെ എല്ലാ പിന്തുണയുമുണ്ടാകും. ഇതിന് കാരണക്കാരായവരെ കണ്ടെത്തി അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കാൻ മാഡ്രിഡും പൊലീസും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പാണ്'- എന്നായിരുന്നു വിനീഷ്യസിന്‍റെ പോസ്റ്റ്.
ലാ ലിഗ മത്സരങ്ങള്‍ക്കിടെ തുടര്‍ച്ചയായി വംശീയാധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുള്ള താരം കൂടിയാണ് വിനീഷ്യസ്. കാണികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങളില്‍ പലപ്പോഴും വൈകാരികമായി തന്നെ 24കാരനായ താരം പ്രതികരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ സ്‌പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷൻ കടുത്ത നടപടികള്‍ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം ഉള്‍പ്പടെ പരസ്യമായി താരം ഉന്നയിച്ചിട്ടുണ്ട്.