യൂട്യൂബിലേക്കുള്ള തന്‍റെ എൻട്രി രാജകീയമാക്കിയിരിക്കുകയാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസമായിരുന്നു താരം യൂട്യൂബില്‍ 'യു ആര്‍. ക്രിസ്റ്റ്യാനോ' എന്ന പേരില്‍ ചാനല്‍ ആരംഭിച്ചത്. ലോകമെമ്പാടും നിരവധി ആരാധകരുള്ള റൊണാള്‍ഡോ യൂട്യൂബില്‍ ചാനല്‍ ആരംഭിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആരാധകര്‍ പ്രിയ താരത്തിന്‍റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാനും മത്സരിച്ചെത്തി.
10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കാൻ വെറും 90 മിനിറ്റാണ് റൊണാള്‍ഡോയുടെ ചാനലിന് വേണ്ടി വന്നത്. ഇതോടെ, യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന ചാനലെന്ന റെക്കോഡും റൊണാള്‍ഡോയുടെ പേരിലായെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം തന്നെ ചാനലില്‍ വീഡിയോകളും താരം പോസ്റ്റ് ചെയ്‌തിരുന്നു.
യൂട്യൂബിലേക്ക് വരവറിയിച്ച ദിവസം തന്നെ സബ്‌സ്ക്രൈബേഴ്‌സിന്‍റെ എണ്ണത്തില്‍ അര്‍ജന്‍റൈൻ സൂപ്പര്‍ താരം ലയണല്‍ മെസിയെ പിന്നിലാക്കാനും റൊണാള്‍ഡോക്കായി. 2.32 മില്യണ്‍ വരിക്കാരാണ് നിലവില്‍ മെസിയുടെ ചാനലിനുള്ളത്. മണിക്കൂറുകള്‍ കൊണ്ട് ഈ കണക്ക് മറികടന്ന റൊണാള്‍ഡോയുടെ ചാനലിന് ഇപ്പോള്‍ 14.8 മില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് യൂട്യൂബിന്‍റെ ഗോള്‍ഡൻ പ്ലേ ബട്ടണും, ഡയമണ്ട് പ്ലേ ബട്ടണും താരം സ്വന്തമാക്കിയത്.
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന താരം കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 112.5 മില്യണിലധികം ഫോളോവേഴ്‌സാണ് എക്‌സില്‍ മാത്രം താരത്തിനുള്ളത്. ഇൻസ്റ്റഗ്രാമില്‍ 636 ദശലക്ഷം പേരും ഫേസ്ബുക്കില്‍ 170 ദശലക്ഷത്തിലധികം പേരും താരത്തെ പിന്തുടരുന്നുണ്ട്.
Also Read :'എങ്ങനെ ആരംഭിച്ചു, ഇപ്പോള്‍ എങ്ങനെ, എല്ലാത്തിനും നന്ദി'; മനു ഭാക്കര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രം വൈറലായി