ഹൈദരാബാദ്:ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരം നിശ്ചയിച്ചത് പോലെ തന്നെ രാത്രി ഏഴരയ്‌ക്ക് നടക്കും. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിന് തെലങ്കാന ഇലക്‌ട്രിസിറ്റി ബോര്‍ഡ് കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലെ വൈദ്യുത കണക്ഷൻ വിച്ഛേദിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ മത്സരം നടക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍, മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെ വൈദ്യുത കണക്ഷൻ പുനഃസ്ഥാപിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
മൂന്ന് കോടിയോളം രൂപ കുടിശ്ശിക വരുത്തിയതിന് ഇന്നലെ വൈകുന്നേരമായിരുന്നു തെലങ്കാന വൈദ്യുത ബോര്‍ഡ് (TSSPDCL) സ്റ്റേഡിയത്തിലെ കണക്ഷൻ വിച്ഛേദിച്ചത്. പിന്നാലെ, വിഷയത്തില്‍ പ്രദേശിക കോടതിയുടെ ഇടപെടലുമുണ്ടായി. ഇതേ തുടര്‍ന്ന് കുടിശ്ശിക തുകയുടെ പകുതി അടയ്‌ക്കാൻ വൈദ്യുത ബോര്‍ഡ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് നോട്ടിസ് നല്‍കി.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് കുടിശ്ശിക തുകയുടെ പകുതി അടയ്‌ക്കുകയും ചെയ്‌തു. ഇതോടെയാണ് സ്റ്റേഡിയത്തിലെ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ കോടതി തെലങ്കാന വൈദ്യുത വകുപ്പിന് നിര്‍ദേശം നല്‍കിയത്. ബില്‍ കുടിശ്ശികയില്‍ ശേഷിക്കുന്ന തുക രണ്ട് ഗഡുക്കളായി നല്‍കാനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് നിര്‍ദേശമുണ്ട്.