കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണര്‍ വിരാട് കോലിയുടെ പുറത്താവല്‍ വിവാദമായിരുന്നു. കോലി പുറത്തായ പന്ത് നോബോളാണോ അല്ലയോ എന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. മത്സരത്തില്‍ ലക്ഷ്യം പിന്തുടരാനിറങ്ങിയ ബെംഗളൂരുവിനായി തകര്‍ത്തടിച്ചായിരുന്നു കോലി തുടങ്ങിയത്.
എന്നാല്‍ ഹര്‍ഷിത് റാണ എറിഞ്ഞ മൂന്നാം ഓവറിന്‍റെ ആദ്യ പന്തില്‍ നാടകീയമായി താരം പുറത്താവുകയായിരുന്നു. ഹൈ-ഫുള്‍ടോസ് സ്ലോ ബോളില്‍ ബാറ്റ് വച്ച കോലിയെ അനായസമായി റാണ തന്നെ കയ്യിലൊതുക്കി. അരയ്‌ക്കൊപ്പം ഉയര്‍ന്നുവന്ന പന്ത് നോബോള്‍ ആയേക്കുമെന്ന ധാരണയില്‍ വിരാട് കോലി റിവ്യൂ നല്‍കി.
എന്നാല്‍ താരം ക്രീസിന് പുറത്താണ്. സ്ലോ ബോള്‍ ആയതിനാല്‍ പന്ത് ഡിപ് ചെയ്യുന്നുണ്ടെന്നും ബോള്‍ ട്രാക്കിങ്ങിലൂടെ മനസിലാക്കിയ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഈ തീരുമാനം അംഗീകരിക്കാതെ ഫീല്‍ഡ് അമ്പയറുമായി തര്‍ക്കിച്ചുകൊണ്ടായിരുന്നു 35-കാരന്‍ മടങ്ങിയത്. ഡ്രസിംഗ് റൂമിലേക്ക് പോകുന്ന വഴിയിലുണ്ടായിരുന്ന ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ചും താരം അരിശം പ്രകടിപ്പിച്ചു.
മത്സരശേഷവും അതു നോബോള്‍ അല്ലായിരുന്നുവെന്ന് കോലിയെ പറഞ്ഞ് മനസിലാക്കുന്ന അമ്പയറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോലി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോഴാണ് അമ്പയര്‍ സംസാരിക്കാന്‍ എത്തിയത്. ആദ്യത്തെ ചൂടൊക്കെ മാറി അമ്പയറോട് സംസാരിക്കുന്ന കോലിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
അതേസമയം ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 222 റണ്‍സായിരുന്നു നേടിയിരുന്നത്. 36 പന്തില്‍ 50 റണ്‍സടിച്ച ശ്രേയസ് അയ്യര്‍ ടോപ് സ്‌കോററായപ്പോള്‍ 14 പന്തില്‍ 48 റണ്‍സടിച്ച ഫില്‍ സാള്‍ട്ടും മിന്നി.
ALSO READ: വിരാട് കോലിയെ അമ്പയര്‍ ചതിച്ചോ...? ; ഈഡൻ ഗാര്‍ഡൻസിലെ 'വിവാദ' പുറത്താകലിന് നോബോള്‍ വിളിക്കാത്തതിന്‍റെ കാരണമറിയാം - Virat Kohli Controversial Wicket
മറുപടിക്ക് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 20 ഓവറില്‍ 221 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 7 പന്തില്‍ 18 റണ്‍സായിരുന്നു കോലി അടിച്ചത്. ടീമിനായി വില്‍ ജാക്‌സ്, രജത് പടിദാര്‍ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 32 പന്തില്‍ 55 അടിച്ച ജാക്‌സാണ് ടോപ് സ്‌കോററര്‍. 23 പന്തില്‍ 52 റണ്‍സായിരുന്നു പടിദാര്‍ നേടിയത്. എട്ട് മത്സരങ്ങളില്‍ നിന്നും ഏഴാമത്തെ തോല്‍വിയായിരുന്നു ബെംഗളൂരു കൊല്‍ക്കത്തയ്‌ക്ക് എതിരെ വഴങ്ങിയത്. ഇതോടെ ബെംഗളൂരുവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു.