ഫ്രെയ്‌ബര്‍ഗ്:യുവേഫ നേഷൻസ് ലീഗില്‍ ബോസ്‌നിയ ഹെർസഗോവിനയയെ ഗോള്‍ മഴയില്‍ മുക്കി ജര്‍മ്മനി. പ്രാഥമിക റൗണ്ടിലെ അഞ്ചാം മത്സരത്തില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ജര്‍മ്മൻപട കുഞ്ഞൻമാരായ ബോസ്‌നിയയെ തകര്‍ത്തത്. ജയത്തോടെ എ ഗ്രൂപ്പ് മൂന്നില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ജര്‍മ്മനി ടൂര്‍ണമെന്‍റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ചു.
ടിം ക്ലെയിൻഡിയൻസ്റ്റ്, ഫ്ലോറിയൻ വിര്‍ട്‌സ് എന്നിവര്‍ ജര്‍മ്മനിക്കായി ഇരട്ട ഗോളുകള്‍ നേടി. യമാല്‍ മുസ്യാല, കായ് ഹാവെര്‍ട്‌സ്, ലിറോയ് സാനെ എന്നിവരാണ് മറ്റ് ഗോള്‍ സ്കോറര്‍മാര്‍. ബോസ്‌നിയക്കെതിരായ മത്സരത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ജൂലിയൻ നെഗ്ലസ്‌മാനും സംഘത്തിനും ആധിപത്യം പുലര്‍ത്താനായി.
ബോസ്‌നിയ മത്സരത്തില്‍ താളം കണ്ടെത്തുന്നതിന് മുന്‍പ് തന്നെ ഗോളടി തുടങ്ങാൻ ജര്‍മ്മനിക്കായി. രണ്ടാം മിനിറ്റില്‍ ക്യാപ്‌റ്റൻ ജോഷുവ കിമ്മിച്ച് നീട്ടി നല്‍കിയ ക്രോസ് പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് തലകൊണ്ട് മറിച്ചിട്ട് യമാല്‍ മുസ്യാലയാണ് ആദ്യ ഗോള്‍ നേടിയത്. ഈ ഗോളോടെ തന്നെ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ ജര്‍മ്മനിക്കായി.
23-ാം മിനിറ്റിലായിരുന്നു ടീമിന്‍റെ രണ്ടാം ഗോള്‍. ടിം ക്ലെയിൻഡിയൻസ്റ്റായിരുന്നു ഗോള്‍ സ്കോറര്‍. ജര്‍മ്മൻ ജഴ്‌സിയില്‍ 29കാരന്‍റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പായി തന്നെ ലീഡ് ഉയര്‍ത്താനും അവര്‍ക്കായി. ഫ്ലോറിയൻ വിര്‍ട്‌സിന്‍റെ അസിസ്റ്റില്‍ നിന്നും കായ് ഹാവെര്‍ട്‌സായിരുന്നു ഇക്കുറി എതിര്‍വലയില്‍ പന്തെത്തിച്ചത്. 37-ാം മിനിറ്റിലായിരുന്നു ഗോളിന്‍റെ പിറവി.
മൂന്ന് ഗോള്‍ ലീഡുമായി രണ്ടാം പകുതിയില്‍ പന്ത് തട്ടാനിറങ്ങിയ ജര്‍മ്മനി 50-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. മധ്യനിരതാരം ഫ്ലോറിയൻ വിര്‍ട്‌സിന്‍റെ വകയായിരുന്നു ഗോള്‍. 57-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ച് വിര്‍ട്‌സ് ജര്‍മ്മനിയുടെ ലീഡ് അഞ്ചാക്കി ഉയര്‍ത്തി. 66-ാം മിനിറ്റില്‍ സാനെയും 79-ാം മിനിറ്റില്‍ ക്ലെയിൻഡിയൻസ്റ്റും ചേര്‍ന്നായിരുന്നു ജര്‍മ്മൻ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ലീഗ് സ്റ്റേജില്‍ ജര്‍മ്മനിയുടെ നാലാമത്തെ വിജയമാണിത്. അഞ്ച് മത്സരം പൂര്‍ത്തിയായപ്പോള്‍ 13 പോയിന്‍റാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ജര്‍മ്മനിയ്‌ക്കുള്ളത്. 8 പോയിന്‍റുള്ള നെതര്‍ലൻഡ്‌സാണ് രണ്ടാം സ്ഥാനക്കാര്‍.
ഹംഗറിയെ വീഴ്‌ത്തി ഡച്ച്പട:ഗ്രൂപ്പ് എ ത്രീയിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലൻഡ്‌സിന് ജയം. ഹംഗറിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഡച്ച് പട തോല്‍പ്പിച്ചത്. വൗട്ട് വെഗോര്‍സ്റ്റ്, കോഡി ഗാപ്‌കോ, ഡെൻസല്‍ ഡംഫ്രൈസ്, ടിയോണ്‍ കോപ്‌മെയിനേഴ്‌സ് എന്നിവരാണ് മത്സരത്തില്‍ ഗോളുകള്‍ നേടിയത്. ജയത്തോടെ നെതര്‍ലൻഡ്‌സും നേഷൻസ് ലീഗിന്‍റെ ക്വാര്‍ട്ടറില്‍ കടന്നു.
Also Read :ക്രിസ്റ്റ്യാനോയുടെ ഡബിള്‍ മാജിക്; നേഷൻസ് ലീഗിൽ പോർച്ചുഗൽ ക്വാർട്ടറില്‍, ജയത്തോടെ സ്‌പെയിന്‍