ലണ്ടൻ: കരബാവോ കപ്പില്‍ (ഇഎഫ്‌എല്‍) മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമി ഫൈനല്‍ കാണാതെ പുറത്ത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ പന്തുതട്ടാനിറങ്ങിയ യുണൈറ്റഡിനെ ടോട്ടനം ആണ് തോല്‍പ്പിച്ചത്. ഹോട്‌സ്പര്‍ സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലര്‍ പോരില്‍ 4-3 എന്ന സ്കോറിനായിരുന്നു യുണൈറ്റഡ് കീഴടങ്ങിയത്.
3-0ന് പിന്നില്‍പ്പോയ ശേഷം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മത്സരത്തില്‍ ജയം ടോട്ടനത്തിന് ഒപ്പം നില്‍ക്കുകയായിരുന്നു. 88-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിൻ നേടിയ ഗോളാണ് അവരുടെ ജയത്തില്‍ നിര്‍ണായകമായത്. സണ്ണിന് പുറമെ ടോട്ടനത്തിന് വേണ്ടി ഡൊമിനിക്ക് സൊളങ്കി ഇരട്ടഗോളും ഡെയൻ കുലുസെവ്‌സ്‌കി ഒരു ഗോളും നേടി. ജോഷുവ സിര്‍ക്‌സീ, അമാദ് ഡയാലോ, ജോണി ഇവാൻസ് എന്നിവരായിരുന്നു യുണൈറ്റഡിനായി ഗോളടിച്ചത്.
സിറ്റിക്കെതിരെ ജയം നേടിയ ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് യുണൈറ്റഡ് ടോട്ടനമിനെ നേരിടാനിറങ്ങിയത്. സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിന് ഈ മത്സരത്തിലും ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല. ഗോള്‍ കീപ്പര്‍ ബയിന്ദറിന് പറ്റിയ പിഴവിലൂടെ യുണൈറ്റഡിന് 15-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ വഴങ്ങേണ്ടി വന്നു.
ഹോട്‌സ്‌പറിന്‍റെ പെഡ്രോയുടെ ഷോട്ട് ബയിന്ദര്‍ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത സൊളങ്കി പന്ത് യുണൈറ്റഡ് വലയിലേക്ക് തന്നെ അടിച്ചുകയറ്റി. ആദ്യ പകുതിയില്‍ തന്നെ തിരിച്ചടിക്കാൻ യുണൈറ്റഡ് ശ്രമിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസും റാസ്‌മസ് ഹൊയ്‌ലുണ്ടും അവസരങ്ങള്‍ മെനഞ്ഞെങ്കിലും ഗോളിലേക്കെത്താൻ അവര്‍ക്കായില്ല.
രണ്ടാം പകുതി തുടങ്ങി 10 മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്നേ തന്നെ രണ്ട് ഗോളടിച്ച് കളിയുടെ നിയന്ത്രണം വരുതിയിലാക്കാൻ ടോട്ടനം ഹോട്‌സ്‌പറിനായി. 46-ാം മിനിറ്റില്‍ കുലുസെവ്‌സ്‌കിയും 54-ാം മിനിറ്റില്‍ സൊളങ്കിയുമാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. ഇതോടെ, 3-0 എന്ന നിലയിലേക്ക് കളി മാറി.