ദുബായ്: അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി. ഐഎസ്-ഖൊറാസൻ ഉള്‍പ്പടെ വടക്കൻ പാകിസ്ഥാനില്‍ നിന്നുള്ള സംഘങ്ങളാണ് ഭീഷണിയ്‌ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന മത്സരങ്ങള്‍ക്കാണ് ഭീഷണിയുള്ളത്.
വെസ്റ്റ് ഇന്‍ഡീസിലെ ആന്‍റിഗ്വെ, ബര്‍ബുഡ, ഗയാന, സെന്‍റ് ലൂസിയ, സെന്‍റ് വിൻസെന്‍റ് ആന്‍ഡ് ഗ്രനേഡെൻസ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, എന്നിവിടങ്ങളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുക. ഫൈനല്‍ ഉള്‍പ്പടെയുള്ള പ്രധാന മത്സരങ്ങളും വെസ്റ്റ് ഇൻഡീസിലാണ് നടക്കുക. ലോകകപ്പ് മത്സരങ്ങള്‍ ഭീകരാക്രമണ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്‍റിനായി ശക്തമായ സുരക്ഷയൊരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഐസിസിയും.
സുരക്ഷയ്‌ക്കായിരിക്കും കൂടുതല്‍ മുൻഗണന നല്‍കുക എന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി തന്നെ നിരീക്ഷിച്ച് വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, യുഎസിലെ ഫ്ലോറിഡ, ടെക്‌സസ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളും ലോകകപ്പിന് വേദിയാകുന്നുണ്ട്, നിലവില്‍ ഇവിടുത്തെ മത്സരങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ഭീഷണിയുമില്ല.
ജൂണ്‍ രണ്ടിന് ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലാണ് ലോകകപ്പിലെ ആദ്യ മത്സരം. ടെക്‌സസിലാണ് ഈ മത്സരം നടക്കുന്നത്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ കളി. ന്യൂയോര്‍ക്കിലാണ് ഈ പോരാട്ടം.