ടി20 ലോകകപ്പില്‍ വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സിന്‍റെ വിജയ ലക്ഷ്യത്തിലേക്ക് ദക്ഷിണാഫ്രിക്കയ്‌ക്കായി ഹെൻറിച്ച് ക്ലാസന്‍ തകര്‍ത്തടിക്കുകയായിരുന്നു. കൂട്ടിന് കില്ലര്‍ മില്ലറും. അകസ്‌ര്‍ പട്ടേല്‍ എറിഞ്ഞ 15-ാം ഓവറില്‍ രണ്ട് സിക്‌സറുകളും രണ്ട് ഫോറുകളും സഹിതം 24 റണ്‍സ് അടിച്ച് പ്രോട്ടീസ് അനായാസ വിജയത്തോട് അടുത്തു. ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ വേണ്ടത് 30 പന്തുകളില്‍ 30 റണ്‍സ്.
വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഇന്ത്യയ്‌ക്ക് കണ്ണീരെന്ന് തോന്നിപ്പോയി. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകള്‍. രോഹിത് ശര്‍മയുടെ കീഴില്‍ ചുണ്ടകലത്തില്‍ നഷ്‌ടമായ കപ്പുകളുടെ എണ്ണത്തിലേക്ക് ഈ ടി20 ലോകകപ്പും ചേര്‍ത്തുവച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ നിരാശ തളം കെട്ടി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് കിരീടവുമായി (IANS) എന്നാല്‍ അവിടെ ഒന്നും അവസാനിച്ചിരുന്നില്ല. 'തോല്‍ക്കുവോളം' തോറ്റെന്നുറപ്പിക്കരുതെന്ന പാഠമായിരുന്നു ടീം ഇന്ത്യ കരുതി വച്ചത്. പോരാടാനുറച്ചാല്‍ മറ്റൊന്നും വിജയത്തിന് തടസമാവില്ല. കൈവിട്ടെന്ന് കരുതിയ മത്സരം എറിഞ്ഞ് പിടിച്ചത് രോഹിത്തിന്‍റെ തന്ത്രങ്ങള്‍ക്കൊപ്പം പന്തെറിഞ്ഞ ഇന്ത്യന്‍ പേസ് നിര.
16-ാം ഓവര്‍ എറിയാനെത്തുന്ന് ജസ്‌പ്രീത് ബുംറ. ഒരു ഡബിളും രണ്ട് സിംഗിളും സഹിതം നാല് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. 24 പന്തുകളില്‍ ലക്ഷ്യം 26 റണ്‍സ്. 17-ാം ഓവര്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് രോഹിത് പന്തേല്‍പ്പിക്കുന്നത്.
ആദ്യ പന്തില്‍ തന്നെ ക്ലാസനെ റിഷഭ് പന്തിന്‍റെ കയ്യിലെത്തിച്ച് താരം ബ്രേക്ക് ത്രൂ നല്‍കി. ബാറ്റിനടുത്ത് പിച്ച് ചെയ്‌ത പന്തുകളെല്ലാം അതിര്‍ത്തി കടത്തിയ ക്ലാസനെ സ്ലോ-വൈഡ് ബോളിലാണ് ഹാര്‍ദിക് കുരുക്കിയത്. തുടര്‍ന്നുള്ള അഞ്ച് പന്തുകളില്‍ നാല് റണ്‍സ് മാത്രം വഴങ്ങിയ താരം ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചെറു ജീവന്‍ നല്‍കി. 18-ാം ഓവര്‍. വീണ്ടും ബുംറയുടെ ഊഴം.
രണ്ട് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ്. മാര്‍ക്കോ ജന്‍സന്‍റെ ലെഗ് സ്റ്റംപിളക്കിയ നാലാം പന്തിന്‍റെ വേഗം 142 കിലോ മീറ്റര്‍. അര്‍ഷ്‌ദീപ് സിങ് 19-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ നിരാശ ഉദ്വേഗത്തിന് വഴിയൊരുക്കിയിരുന്നു. പ്രതീക്ഷ കാത്ത താരവും വഴങ്ങിയത് നാല് റണ്‍സ് മാത്രം.
അവസാന ഓവര്‍ എറിയാന്‍ രോഹിത് വീണ്ടും ഹാര്‍ദിക്കിനെ പന്തേല്‍പ്പിക്കുമ്പോള്‍ പ്രോട്ടീസിന് വേണ്ടിയിരുന്നത് 16 റണ്‍സ്. എന്തിനും തയ്യാറായി കില്ലര്‍ മില്ലര്‍ സ്‌ട്രൈക്കില്‍ നില്‍ക്കെ അവരുടെയും പ്രതീക്ഷകളും അവസാനിച്ചിരുന്നില്ല. അതിര്‍ത്തി കടത്താനുറച്ച് മില്ലര്‍ ഉയര്‍ത്തി അടിച്ച ആദ്യ പന്ത് ബൗണ്ടറി ലൈനില്‍ അവിശ്വസനീയ ക്യാച്ചിലൂടെ സൂര്യ കയ്യിലൊതുക്കുന്നു. റബാഡ നേരിട്ട ആദ്യ പന്ത് എഡ്‌ജായി ബൗണ്ടറിയിലേക്ക്.
തുടര്‍ന്നുള്ള പന്തുകളില്‍ ബിഗ് ഹിറ്റുകള്‍ നടത്താനായിരുന്നു റബാഡയുടെ ശ്രമം. എന്നാല്‍ വ്യക്തമായ നിര്‍ദേശങ്ങളുമായി രോഹിത് ഹാര്‍ദിക്കിനൊപ്പം. ഓഫ് സ്റ്റംപിന് പുറത്ത് കെണിയൊരുക്കിയ ഹാര്‍ദിക് റബാഡയേയും തിരിച്ചുകയറ്റി. വിജയം കൊതിച്ച പ്രോട്ടീസ് ക്യാമ്പില്‍ നിരാശ പടര്‍ന്നു. ഒടുവില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങിയ ഹാര്‍ദിക് ഇന്ത്യയ്‌ക്ക് ഏഴ് റണ്‍സിന്‍റെ വിജയം സമ്മാനിച്ചു. തോല്‍വിയുടെ വക്കില്‍ നിന്നും വമ്പന്‍ തിരിച്ചുവരവ്.
ALSO READ: ആ ചീത്തപ്പേര് മാറ്റിയെടുത്തു, നിങ്ങള്‍ മടങ്ങേണ്ടത് തലയുയര്‍ത്തി തന്നെയാണ്; തോല്‍വിയിലും കയ്യടി അര്‍ഹിക്കുന്നു ദക്ഷിണാഫ്രിക്ക - South Africa Journey In T20 WC 2024
കഴിഞ്ഞ ഐപിഎല്ലിനിടെ കൂക്കിവിളിച്ച ആരാധകര്‍ ഹാര്‍ദിക്കിനായി കയ്യടിച്ചു. ഇന്ത്യന്‍ ടീമിനൊപ്പം ആരാധകരില്‍ ചിലരും സന്തോഷക്കണ്ണീര്‍ പൊഴിച്ചു. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്‌ക്ക് മറ്റൊരു ഐസിസി കിരീടം. നന്ദി ഹിറ്റ്‌മാന്‍, നന്ദി ടീം ഇന്ത്യ.... 'തോല്‍ക്കുവോളം' തോറ്റിട്ടില്ലെന്ന് ഞങ്ങളെ പഠിപ്പിച്ചതിന്. കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ കാത്തതിന്.