മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 17-ാം സീസണില്‍ റണ്‍മഴ പെയ്യുകയാണ്. പാതി മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് തവണയാണ് ടീമുകള്‍ 250 റൺസില്‍ ഏറെ സ്കോര്‍ ചെയ്‌തിട്ടുള്ളത്. ഇതില്‍ മൂന്ന് തവണയും 250 റണ്‍സിലേറെ നേടിയത് സൺറൈസേഴ്‌സ് ഹൈദർബാദാണ്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടൽ എന്ന റെക്കോർഡ് രണ്ട് തവണ മറികടന്ന പ്രകടനവും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നടത്തി. ഇപ്പോഴിതാ അടിവാങ്ങിക്കൂട്ടേണ്ടി വരുന്ന ബോളര്‍മാരെ പിന്തുണയ്‌ക്കുന്ന നടപടി വേണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍.
ബൗണ്ടറിയുടെ നീളം കൂട്ടണമെന്നാണ് ഗവാസ്‌കറിന്‍റെ നിര്‍ദേശം. "ഒരു ക്രിക്കറ്റ് ബാറ്റിൽ ഞാൻ മാറ്റങ്ങളൊന്നും നിർദേശിക്കില്ല. കാരണം അതു നിയന്ത്രണങ്ങൾക്ക് വിധേയമാണ്. എല്ലാ ഗ്രൗണ്ടിലും ബൗണ്ടറിയുടെ വലുപ്പം വർധിപ്പിക്കുക. ഇതു ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്.
പല ഗ്രൗണ്ടുകളിലും ബൗണ്ടറി ലൈനിന്‍റെ നീളം ഒന്നോ-രണ്ടോ മീറ്റര്‍ വര്‍ധിപ്പിക്കാന്‍ ആവശ്യത്തിന് സ്ഥലമുണ്ട്. ഇതുവഴി ഒരു ക്യാച്ചും സിക്‌സറും തമ്മിലുള്ള വ്യത്യാസം കൂടുതല്‍ പ്രകടമാവും. അതിനായി ആ എൽഇഡി അല്ലെങ്കിൽ പരസ്യ ബോർഡുകൾ പിന്നിലേക്ക് നീക്കി, ബൗണ്ടറി റോപ്പും ഒന്ന് - രണ്ട് മീറ്റര്‍ കൂടി നീട്ടിയാല്‍ മാത്രം മതി. അല്ലാത്തപക്ഷം ബോളർമാർ മാത്രമാണ് കഷ്‌ടപ്പെടുക"- ഗവാസ്‌കര്‍ പറഞ്ഞു.