മുംബൈ : ഐപിഎല്‍ പതിനേഴാം പതിപ്പിലെ പത്താം സ്ഥാനക്കാരായിട്ടാണ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്‍റെ മടക്കം. സീസണിലെ 14 മത്സരങ്ങളില്‍ പത്തിലും അവര്‍ തോല്‍വി വഴങ്ങി. ആകെ ജയിച്ചതാകട്ടെ നാല് കളികളിലും.
രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെന്ന പുതിയ നായകന് കീഴില്‍ സ്വപ്‌ന കുതിപ്പായിരുന്നു ഇത്തവണ മുംബൈ ഇന്ത്യൻസിന്‍റെ ലക്ഷ്യം. ഏറെ പ്രതീക്ഷകളോടെയായിരുന്നു ഗുജറാത്ത് ടൈറ്റൻസില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ തിരികെ കൂടാരത്തിലെത്തിച്ചത്. എന്നാല്‍, ടീം മാനേജ്‌മെന്‍റ് പ്രതീക്ഷിച്ച നിലവാരത്തില്‍ താരമായും ക്യാപ്‌റ്റനായും ഉയരാൻ ഹാര്‍ദിക്കിന് സാധിക്കാതെ പോവുകയായിരുന്നു.
ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന് വേണ്ടി 14 മത്സരത്തിലും കളിച്ച ഹാര്‍ദിക്കിന് 18 ബാറ്റിങ് ശരാശരിയില്‍ 216 റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചത്. 46 ആയിരുന്നു സീസണില്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. പന്തെറിഞ്ഞ് 11 വിക്കറ്റ് മാത്രമായിരുന്നു മുംബൈ നായകന് സ്വന്തമാക്കാൻ സാധിച്ചത്.
ഹാര്‍ദിക് പാണ്ഡ്യയുടെ കരിയറിലെ ഏറ്റവും മോശം ഐപിഎല്‍ സീസണുകളില്‍ ഒന്നായിരിക്കും ഇത്. മുംബൈയുടെ നായകസ്ഥാനം ഏറ്റെടുത്തശേഷം അരങ്ങേറിയ സംഭവവികാസങ്ങള്‍ ആയിരിക്കാം ഇത്തവണ ഹാര്‍ദിക്കിന്‍റെ പ്രകടനങ്ങളെ ബാധിച്ചിട്ടുണ്ടാവുക എന്ന വിലയിരുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. പ്രതീക്ഷിച്ച രീതിയില്‍ അല്ല ഹാര്‍ദിക് സീസണ്‍ തുടങ്ങിയതെന്നും താരത്തിനെതിരെ ഉയര്‍ന്ന മോശം അഭിപ്രായങ്ങള്‍ ഗെയിമിനെ ബാധിച്ചതായും തനിക്ക് തോന്നിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മുംബൈ - ലഖ്‌നൗ മത്സരത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സുനില്‍ ഗവാസ്‌കറുടെ വാക്കുകള്‍ ഇങ്ങനെ.
'ഒരു മികച്ച തുടക്കമല്ല ഹാര്‍ദിക്കിന് ഈ വര്‍ഷം ലഭിച്ചത്. അവനെ മുംബൈ ക്യാപ്‌റ്റനായി നിയമിച്ചത് ഒരുപാട് പേര്‍ക്ക് ഇഷ്‌ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഒരു വ്യക്തിയെ ശരിക്കും ബാധിക്കുന്ന ഒരു കാര്യം തന്നെയാണ് അത്.
എല്ലാവരും മനുഷ്യന്മാരാണ്. ആരും തന്നെ തനിക്കെതിരെ ഉയരുന്ന വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ കേള്‍ക്കാൻ താത്പര്യപ്പെടുന്നുണ്ടാകില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ കളിക്കാൻ ഇറങ്ങിയ ആദ്യ മത്സരത്തില്‍ അവൻ കുറച്ച് റണ്‍സ് നേടുകയും വിക്കറ്റ് സ്വന്തമാക്കുകയും ചെയ്‌തിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ. അതിന് അവന് സാധിച്ചില്ല. അതുകൊണ്ടാണ് സീസണ്‍ മുഴുവൻ അദ്ദേഹത്തിന് കൂടുതല്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്' - സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
Also Read :മുംബൈക്ക് പിഴച്ചതെവിടെ?; ഹാര്‍ദിക്കിന്‍റെ ടീമിന്‍റെ മോശം പ്രകടനത്തിന്‍റെ കാരണങ്ങള്‍ നിരത്തി ആകാശ് ചോപ്ര - Aakash Chopra On Mumbai Indians